ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ. ഇന്ന് ലണ്ടണിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ മൂന്നാം സ്ഥാനത്ത് എത്താമായിരുന്ന യുണൈറ്റഡ് ഈ തോൽവിയോട് നാലാം സ്ഥാനത്ത് പോലും ആശങ്കയിൽ ഇരിക്കുകയാണ്. ഡി ഹിയയുടെ പിഴവാണ് ഇന്ന് യുണൈറ്റഡിന് തിരിച്ചടിയായത്.
കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണ് എതിരെ എന്ന പോലെ നിരവധി നല്ല അവസരങ്ങൾ യുണൈറ്റഡ് ഇന്നും തുടക്കത്തി സൃഷ്ടിച്ചു. പക്ഷെ ഒന്നും ഗോളാക്കാൻ യുണൈറ്റഡിന് ആയില്ല. മത്സരത്തിന്റെ 27ആം മിനുട്ടിൽ ബെൻറാമയുടെ ഒരു അനായാസം സേവ് ചെയ്യാമായിരുന്ന ഷോട്ട് ആണ് ഡി ഹിയയുടെ പിഴവ് കൊണ്ട് ഗോളായി മാറിയത്. സ്കോർ 1-0.
ഈ ഗോളിന് മറുപടി കൊടുക്കാൻ യുണൈറ്റഡിന് ആയില്ല. യുണൈറ്റഡ് നിരവധി മാറ്റങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫബിയൻസ്കിയെ കാര്യമായി പരീക്ഷിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ 34 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്. 35 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിറകിൽ ഉണ്ട്. വെസ്റ്റ് ഹാം ഇന്നത്തെ വിജയത്തോടെ 37 പോയിന്റുമായി ലീഗിൽ 15ആം സ്ഥാനത്ത് നിൽക്കുകയാണ്. അവരുടെ റിലഗേഷൻ ഭീഷണി ഈ വിജയത്തോടെ ഏതാണ്ട് ഒഴിഞ്ഞെന്നു പറയാം.