മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയയെ ഇനിയും എത്ര കാലം ക്ലബ് ഒന്നാം നമ്പറായി വെക്കും എന്നാണ് ഫുട്ബോൾ ലോകം നോക്കുന്നത്. അവസാന രണ്ട് സീസണുകളിലായി ഡി ഹിയയുടെ പ്രകടനങ്ങൾ അത്രയ്ക്ക് നിരാശ നൽകുന്നതായിരുന്നു. ഇന്നലെ എഫ് എ കപ്പ് സെമി ഫൈനലിലെ നിർണായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്തിൽ പ്രധാന പങ്കു ഡിഹിയക്ക് തന്നെ ആയിരുന്നു. വളരെ അനായാസം തടയാമായിരുന്ന രണ്ട് ഗോളുകളാണ് ഡി ഹിയ ഇന്നലെ വഴങ്ങിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 10-20 മത്സരങ്ങൾ നോക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ഗോളുകളിൽ അധികവും ഡി ഹിയയുടെ പിഴവുകളായിരുന്നു. ഒരു കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമാകെ മോശമായി കളിക്കുമ്പോഴും ഒറ്റയ്ക്ക് ടീമിന്റെ അഭിമാനം കാത്ത താരമായിരുന്നു ഡി ഹിയ. ഇപ്പോൾ ടീമാകെ മെച്ചപ്പെടുന്ന അവസ്ഥയിൽ ഡി ഹിയ ഒരു ബാധ്യതയാായി മാറുകയാണ്. ക്ലബിനു വേണ്ടി 400 മത്സരങ്ങൾ കളിച്ച ഡി ഹിയ ഇനിയും ഒരു 400 മത്സരം കളിക്കണം എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ ഇതാണ് ഡി ഹിയയുടെ പ്രകടനം എങ്കിൽ താരം അധികം മത്സരങ്ങൾ യുണൈറ്റഡിൽ കളിക്കില്ല. രണ്ടാം ഗോൾ കീപ്പർ ആയ റൊമേരോയുടെ മികവും ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഒക്കെ പ്രിയപ്പെട്ട യുവതാരം ഡീൻ ഹെൻഡേഴസന്റെ വളർച്ചയും ഡി ഹിയയുടെ നാളുകൾ എണ്ണപ്പെടുകയാണെന്ന സൂചനകൾ നൽകുന്നു. ഡീൻ ഹെൻഡേഴ്സൺ ആകണം അടുത്ത സീസൺ മുതൽ യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പർ എന്ന് ഇപ്പോഴേ ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഷെൽഫീൽഡിൽ അത്രയ്ക്ക് മികച്ച പ്രകടനമാണ് ഡീൻ കാഴ്ചവെക്കുന്നത്. ഡി ഹിയ ഇനിയും അബദ്ധങ്ങൾ കാണിച്ചാൽ താരത്തെ മാറ്റി നിർത്തുക അല്ലാതെ ഒരു വഴിയും ഒലെ ഗണ്ണാർ സോൾഷ്യാറിന് ഉണ്ടാവില്ല.