ഡേവിഡ് ലൂയിസിന് എല്ലാം പിഴച്ചു, ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ വീണു

- Advertisement -

സബ്ബായി വന്ന് ഡേവിഡ് ലൂയിസ് ആഴ്സണലിനെ തോൽപ്പിച്ചു എന്ന് പറഞ്ഞാലും വിമർശനമുണ്ടാകില്ല. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആയിരുന്നു ഏറ്റുമുട്ടിയത്. സിറ്റി ഇന്ന് എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചപ്പോൾ അതിൽ രണ്ടു ഗോളിലും പ്രധാന പങ്കുവഹിച്ചത് ഡേവിഡ് ലൂയിസ് ആയിരുന്നു.

സബ് ആയി എത്തി ആഴ്സണലിന്റെ ഡിഫൻസ് സംരക്ഷിക്കാൻ ഇറങ്ങിയ ലൂയിസ് രണ്ട് ഗോളുകൾ സിറ്റിക്ക് സംഭാവന നൽകുന്നതാണ് കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയുടെ അവസാനമായിരുന്നു ലൂയിസിന്റെ ആദ്യ സംഭാവന. ഡിബ്ര്യുയിന്റെ പാസ് ലൂയിസിന്റെ മോശം ഡിഫൻഡിംഗിന്റെ ഫലമായി സ്റ്റെർലിങിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ ഗോളിൽ സിറ്റി ലീഡ് എടുക്കുകയുമായിരുന്നു.

രണ്ടാം പകുതിയിൽ ലൂയിസ് ഒരു പെനാൾട്ടി സിറ്റിക്ക് സമ്മാനിക്കുകയും ഒപ്പം ചുവപ്പ് കാർഡ് വാങ്ങുകയും ചെയ്തു. ആ പെനാൾട്ടി ഒരു പിഴവും കൂടാതെ ഡിബ്രുയിൻ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ ഫോഡനിലൂടെ സിറ്റി മൂന്നാം ഗോളും നേടി മൂന്ന് പോയന്റ് ഉറപ്പിച്ചു. സിറ്റിയുടെ ഈ വിജയം ലിവർപൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീട്ടും. ആഴ്സണലിനാകട്ടെ ഈ തോൽവി ടോപ്പ് 4 എന്ന സ്വപ്നത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യും.

Advertisement