പ്രതിരോധ താരം ഡാൻ ബേൺ ന്യൂകാസിലിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2025 വരെ ക്ലബ്ബിൽ തുടരാൻ 31കാരനായ താരത്തിന് സാധിക്കും. ഇതോടെ 2022ൽ ക്ലബ്ബിൽ എത്തിയ ശേഷം ടീമിൽ മികച്ച പ്രകടനം തുടരുന്ന ബേണിൽ തുടർന്നും വിശ്വാസം അർപ്പിക്കാൻ തന്നെയാണ് ന്യൂകാസിലും കോച്ച് എഡി ഹോവും ഉറപ്പിച്ചിരിക്കുന്നത്. സെൻട്രൽ ഡിഫൻഡർ ആയും ലെഫ്റ്റ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന താരമാണ് ബേൺ.
2022 ജനുവരിയിലാണ് ഡാൻ ബേൺ ബ്രൈറ്റണിൽ നിന്നും ന്യൂകാസിലിലേക്ക് ചേക്കേറുന്നത്. യൂത്ത് ടീമിലൂടെ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ച ക്ലബ്ബിലേക്കുള്ള താരത്തിന്റെ മടങ്ങി വരവ് ആയിരുന്നു ഇത്. ഇതിനിടയിൽ ഇംഗ്ലീഷ് ലീഗിന്റെ പല തട്ടുകളിലും വിവിധ ടീമുകൾക്ക് വേണ്ടി താരം പന്തു തട്ടി. ന്യൂകാസിലിൽ പുതിയ കരാർ നേടാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നുവെന്ന് താരം പ്രതികരിച്ചു. ടീമിനോടൊപ്പം ദീർഘകാലം തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും വരുന്ന രണ്ടു സീസണുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. ഡാൻ ബേൺ കളത്തിലും പുറത്തും ടീമിനെ നയിക്കാൻ കെൽപ്പുള്ള താരമാണെന്ന് കോച്ച് എഡി ഹോവ് പറഞ്ഞു. ടീമിനെ പ്രതിനിധീകരിക്കുന്നതിന്റെ വില അറിയാവുന്ന താരം, കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ പ്രതിജ്ഞാബദ്ധനാണെന്നും ചൂണ്ടിക്കാണിച്ചു.
Download the Fanport app now!