പ്രീമിയർ ലീഗിലെ “സൂപ്പർ സണ്ടെയിൽ” വമ്പന്മാരുടെ പോരാട്ടം. ലണ്ടനിലെ ചിരവൈരികൾ ആയ ആഴ്സണൽ ചെൽസിയെ നേരിടുമ്പോൾ ടോട്ടനം സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ വരവേൽക്കും.മത്സരത്തിന് മുന്നോടിയായി വാക്പോരിന് തിരികൊളുത്തിയ ക്ലോപ്പ്, കോന്റെയുടെ ശൈലിയെ വിമർശിച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം ടോട്ടനവുമായി സമനിലയിൽ പിരിഞ്ഞ മത്സരത്തെ സൂചിപ്പിച്ചാണ് ക്ലോപ്പ് സംസാരിച്ചത്. ഇത്തരം പ്രതിരോധാത്മകമായ ഫുട്ബോൾ താൻ കളിക്കില്ലെന്നും ക്ലോപ്പ് പറഞ്ഞു.
എന്നാൽ മറുപടി പറഞ്ഞ കോന്റെ എതിർ ടീം കോച്ചിനെ അധികം പ്രകോപിപ്പിച്ചില്ല. ” ആ മത്സരത്തിൽ അവർക്ക് കിരീടം നഷ്ടമായി, പക്ഷെ തങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചു. എല്ലാ കോച്ചുകളും തങ്ങളുടെ ടീമിനായി സംസാരിക്കും”. കോന്റെ പറഞ്ഞു.
വീണ്ടും ഒരിക്കൽ കൂടി ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ചിത്രം പൂർണമായും മാറിയിട്ടുണ്ട്. വെറും നാല് വിജയങ്ങളും പതിനാറ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലിവർപൂൾ. ടോട്ടനം ആവട്ടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് മൂന്ന് പോയിന്റ് മാത്രം പിറകിലും. സ്ഥിരത ഇല്ലായിമയാണ് ടോട്ടനത്തെ വലക്കുന്നത്. ന്യൂകാസിലുമായി തോൽവി നേരിട്ടപ്പോൾ ബേൺമൗതും മാഴ്സെയുമായി കഴിഞ്ഞ മത്സരങ്ങളിൽ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. ഈ വിജയങ്ങൾ സീസണിൽ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകവുമായേക്കും. ഒരു പിടി മുൻ നിരക്കാരുടെ പരിക്ക് കോന്റെ തിരിച്ചടിയാണ്. സോൺ, റിച്ചാർലിസൻ, റൊമേറോ എന്നിവർ എല്ലാം പുറത്തു തന്നെ. അതേ സമയം കുലുസേവ്സ്കി തിരിച്ചെത്തുയേക്കുമെന്ന സൂചനകൾ ടീമിന് വലിയ ആശ്വാസം നൽകും. ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ തുടരാൻ സ്വന്തം തട്ടകത്തിൽ വിജയം തന്നെയാവും ടോട്ടനം ലക്ഷ്യം വെക്കുന്നത്.
അതേ സമയം വളരെ മോശം സാഹചര്യത്തിൽ ആണ് ലിവർപൂൾ. സിറ്റിയെ തോൽപ്പിച്ച് ട്രാക്ക് മാറ്റിയെന്ന് തോന്നിച്ചിടത്ത് നിന്നും നോട്ടിങ്ഹാം ഫോറസ്റ്റിനോടും ലീഡ്സിനോടും വഴങ്ങേണ്ടി വന്ന തോൽവികൾ ടീമിന് അക്ഷരാർത്ഥത്തിൽ തിരിച്ചടി ആയി. ആൻഫീൽഡിൽ ലീഡ്സിനോറ്റ തോൽവി ക്ലോപ്പിന് കാര്യമായി ചിന്തിക്കാൻ വക നൽകുന്നതാണ്. വീണ്ടും ഊർജം വീണ്ടെടുക്കാൻ ടോട്ടനവുമായുള്ള മത്സരം നിർണയകമായതിനാൽ രണ്ടും കല്പിച്ചാകും ക്ലോപ്പ് ടീം ഇറക്കുക. നാപോളിക്കെതിരായ മത്സരത്തിലെ ടീമിനെ തന്നെ ആവും ക്ലോപ്പ് അണിനിരത്തുക. കുർട്ടിസ് ജോൺസിനോ ഫിർമിനോക്കോ പകരം ഡാർവിൻ ന്യൂനസ് എത്തിയേക്കും.