ഇംഗ്ലീഷ് പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക് കടക്കുമ്പോൾ കിരീട പോരാട്ടത്തിൽ പിന്നോട്ട് പോകാതെ മാഞ്ചസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 3-1 ന് മറികടന്ന അവർ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടക്കുന്ന ലിവർപൂൾ – ചെൽസി പോരാട്ടത്തിൽ ലിവർപൂൾ ജയിച്ചില്ലെങ്കിൽ അത് കിരീട പോരാട്ടത്തിൽ നിർണായകമാകും. നിലവിൽ ഇരു ടീമുകളും 33 കളികൾ പിന്നിട്ടപ്പോൾ സിറ്റിക്ക് 83 പോയിന്റും ലിവർപൂളിന് 82 പോയിന്റുമാണ് ഉള്ളത്.
മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ വ്യക്തമായ ആധിപത്യമാണ് സിറ്റി പുലർത്തിയത്. 15 ആം മിനുട്ടിൽ തന്നെ അവർ ലീഡ് നേടുകയും ചെയ്തു. കെവിൻ ഡു ബ്രെയ്‌നയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ഗോൾ നേടി. തൊട്ട് മുൻപത്തെ മിനുട്ടിൽ മികച്ച അവസരം പാഴാക്കിയതിന് പരിഹാരമാകുന്ന ഗോളായി ഇത്.
രണ്ടാം പകുതിയിലും സിറ്റിയുടെ മികച്ച ഫോം തുടർന്നപ്പോൾ പാലസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 63 ആം മിനുട്ടിൽ സാനെയുടെ പാസിൽ സ്റ്റെർലിങ് മത്സരത്തിലെ തന്റെയും ടീമിന്റെയും രണ്ടാം ഗോൾ നേടി മത്സര ഫലം സിറ്റിക്ക് ഉറപ്പാക്കി. പക്ഷെ 80 ആം മിനുട്ടിൽ മികച്ച ഫ്രീകിക്കിലൂടെ മിലിയോവിക് പാലസിനായി ഒരു ഗോൾ മടക്കിയതോടെ അവസാന 10 മിനിറ്റുകൾ സിറ്റിക്ക് ആശങ്കയുടേതായി. പക്ഷെ 90 ആം മിനുട്ടിൽ ജിസൂസ് സിറ്റിയുടെ മൂന്നാം ഗോൾ നേടി ആശങ്കകൾ അവസാനിപ്പിച്ചു.