പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടത്തിൽ വാറ്റ്ഫോർഡിനെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ വാറ്റ്ഫോർഡിന്റെ പ്രീമിയർ ലീഗിലെ ഭാവി തുലാസിലായി. കഴിഞ്ഞ ദിവസം പരിശീലകനെ കൂടെ പുറത്താക്കിയ വാറ്റ്ഫോർഡിന് ഇനി പ്രീമിയർ ലീഗിൽ തുടരണം എങ്കിൽ ചെറിയ കഷ്ടപ്പാടല്ല ഉള്ളത്.
ഇന്ന് സ്റ്റെർലിംഗിന്റെ ഇരട്ട ഗോളുകളാണ് വാറ്റ്ഫോർഡിനെ തകർത്തത്. തീർത്തും സിറ്റിയുടെ ആധിപത്യം കണ്ട മത്സരത്തിൽ 31ആം മിനുട്ടിലും 40ആം മിനുട്ടിലും ഗോൾ നേടിക്കൊണ്ടാണ് സ്റ്റെർലിംഗ് സിറ്റിക്ക് വ്യക്തമായ ലീഡ് നൽകിയത്. ഈ ഗോളുകൾ സ്റ്റെർലിംഗിനെ ലീഗിൽ 19 ഗോളുകളിൽ എത്തിച്ചു. ഫിൽ ഫോഡനും ലപോർടെയുമാണ് സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്. ഈ പരാജയം വാറ്റ്ഫോർഡിന് 37 മത്സരങ്ങളിൽ 37 പോയന്റുമായി 17ആം സ്ഥാനത്ത് നിർത്തുകയാണ്. റിലഗേഷൻ സ്ഥാനത്തുള്ള ഉള്ള ആസ്റ്റൺ വില്ലയേക്കാളും ബൗണ്മതിനെക്കാളും വെറും 3 പോയന്റ് മാത്രം മുന്നിൽ. മൂന്ന് ടീമുകൾക്കും ഗോൾ ഡിഫറൻസ് -27 ആണ്. ആസ്റ്റൺ വില്ലയ്ക്ക് രണ്ട് മത്സരങ്ങളും ബാക്കിയുണ്ട്.
അതുകൊണ്ട് തന്നെ ഇനി റിലഗേഷൻ പോര് പ്രവചിക്കാൻ കഴിയുന്ന രീതിയിൽ ആകില്ല മുന്നോട്ട് പോവുക. ആസ്റ്റൺ വിലയ്ക്ക് ഇന്ന് ആഴ്സണലും അവസാന ദിവസം വെസ്റ്റ് ഹാം യുണൈറ്റഡും ആണ് എതിരാളികൾ. ബൗണ്മതിന് അവസാന ദിവസം എവർട്ടണും വാറ്റ് ഫോർഡിന് അവസാന ദിവസം ആഴ്സണലുമാണ് എതിരാളികൾ.