മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ അനുവദിക്കാത്ത ലെസ്റ്റർ മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് റിയാദ് മഹ്‌റസ് സമരത്തിൽ. ജനുവരി 30 ന് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ലെസ്റ്ററിനെ സമീപിച്ചിരുന്നെങ്കിലും ലെസ്റ്ററിന്റെ വൻ വില നൽകാൻ സിറ്റി തയ്യാറാവതിരുന്നതോടെ ട്രാൻസ്ഫർ നടക്കാതെ പോയിരുന്നു. സിറ്റി താരത്തിനായി 65 മില്യൺ പൗണ്ട് നൽകാൻ തയ്യാറായിരുന്നെങ്കിലും ലെസ്റ്റർ 95 മില്യൺ ആവശ്യപ്പെട്ടതോടെയാണ് സിറ്റി പിന്മാറിയത്. സിറ്റിയിലേക്ക് പോകാൻ ലെസ്റ്ററിന് ട്രാൻസ്ഫർ അപേക്ഷ നൽകിയ മഹ്‌റസ് ഇതോടെ കടുത്ത നിരാശനാവുകയും ക്ലബ്ബിന്റെ നടപടിയിൽ അതൃപ്‌തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്നലെ എവർട്ടനെതിരായ മത്സരത്തിൽ നിന്ന് മഹ്‌റസിനെ പരിശീലകൻ ക്ലോഡ് പ്യുവൽ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 3 ദിവസമായി മഹ്‌റസ് പരിശീലനത്തിനും പങ്കെടുത്തിട്ടില്ല. ഇതിനെതിരെ ക്ലബ്ബ് താരത്തിന് 2 ലക്ഷം പൗണ്ടോളം പിഴ ചുമത്തിയേക്കും.
മഹ്‌റസ് എവിടെയാണ് ഉള്ളത് എന്നതടക്കമുള്ള വിവരങ്ങൾ പോലും ക്ലബ്ബിന് അറിവില്ല എന്നതാണ് ഈ സാഹചര്യത്തിലെ പ്രത്യേകത. മഹ്‌റസിന്റെ നടപടിയിൽ സഹ താരങ്ങൾക്കും കടുത്ത അതൃപ്‌തി ഉണ്ട്. ഒരു ടോപ്പ് 4 ടീമിലേക്ക് മാറുക എന്നത് ഏറെ നാളായി സ്വപ്നം കൊണ്ട് നടക്കുന്ന മഹ്‌റസിന് സിറ്റിയിലേക്കുള്ള നീക്കം നടക്കാതെ വന്നതോടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും താരത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2015 ഇൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മഹ്‌റസ് അതേ വർഷമാണ് ലെസ്റ്ററുമായി പുതിയ കരാർ ഒപ്പിട്ടത്. നിലവിൽ ലെസ്റ്ററുമായി താരത്തിന് രണ്ടര വർഷത്തെ കരാർ ബാക്കിയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial