പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിന് ഇന്നലെ അത്ര നല്ല ദിവസമായിരുന്നില്ല. ചാമ്പ്യന്മാരായ ശേഷം ആദ്യമായി അങ്കത്തിന് ഇറങ്ങിയ ലിവർപൂളിനെ ഗ്വാർഡ് ഓഫ് ഓണർ നൽകി ആദരിച്ചായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്വാഗതം ചെയ്തത്. എന്നാൽ ആ ബഹുമാനം കളത്തിൽ സിറ്റി കാണിച്ചില്ല. ചാമ്പ്യന്മാരാണ് എന്നൊന്നും നോക്കാതെ ലിവർപൂളിനെ തകർത്തെറിയാൻ സിറ്റിക്ക് ആയി. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.
മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 24ആം മിനുട്ടിൽ സ്റ്റെർലിംഗിനെ ഗോമസ് വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടിയാണ് സിറ്റിക്ക് ആദ്യ ഗോൾ നൽകിയത്. ഡിബ്രുയിൻ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആ ഗോളിന് പിന്നാലെ സ്റ്റെർലിംഗിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. സ്റ്റെർലിങിന്റെ ലിവർപൂളിനെതിരായ ആദ്യ ഗോളാണ് ഇത്.
45ആം മിനുട്ടിൽ ഫിൽ ഫോഡന്റെ വക ആയിരുന്നു മൂന്നാം ഗോൾ. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോൾ സിറ്റിക്ക് നാലാം ഗോളും നൽകി. ലിവർപൂളിന് അടുത്ത കാലത്ത് ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വൻ പരാജയമാണിത്.