സീസൺ തുടങ്ങും മുമ്പ് തന്നെ ചെൽസിക്ക് വലിയ തിരിച്ചടി. അവരുടെ പുതിയ സൈനിംഗും പ്രധാന സ്ട്രൈക്കറുമായ എങ്കുകുവിന്റെ പരിക്ക് താരത്തെ ദീർഘകാലം പുറത്തിരുത്തും. കാൽമുട്ടിന് പരിക്കേറ്റ താരം രണ്ട് മാസം എങ്കിലും പുറത്ത് ഇരിക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമാണ് എങ്കുകു.
25-കാരനെ ആർബി ലീപ്‌സിഗിൽ നിന്ന് 52 മില്യൺ പൗണ്ട് നൽകിയാണ് ചെൽസി സ്വന്തമാക്കിയത്. പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച എങ്കുകു 3 ഗോളുകൾ നേടിയിരുന്നു. ആഗസ്ത് 13-ന് ലിവർപൂളിനെതിരായ ഉദ്ഘാടന മത്സരം ഉൾപ്പെടെ പത്തോളം മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
ചിക്കാഗോയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചെൽസിയുടെ അവസാന പ്രീ-സീസൺ മത്സരത്തിന്റെ 22-ാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസിന്റെ ടാക്കിളിനിടയിൽ ആയിരുന്നു ഫ്രാൻസ് ഇന്റർനാഷണലിന് പരിക്കേറ്റത്. താരം ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകും. ചെൽസി വ്ലാഹോവിചിനെ ടീമിലെത്തിക്കാനുള്ള ശ്രമം ഈ വാർത്തയോടെ ഊർജിതമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.