ബോറിങ് ഫുട്ബോൾ എന്ന പരിഹാസങ്ങൾ ഏറെ കേട്ട ചെൽസി ആരാധകർക്ക് സന്തോഷിക്കാം. ഇനി പ്രീമിയർ ലീഗ് കാണാൻ പോകുന്നത് മനോഹര ഫുട്ബോളിന്റെ ചെൽസി മുഖം. മൗറീസിയോ സാരിയെ ചെൽസി പരിശീലകനായി നിയമിച്ചതോടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇനി ആക്രമണ ഫുട്ബോൾ കാണാമെന്ന ഉറപ്പ് കൂടിയാണ് ചെൽസി മാനേജ്മെന്റ് ആരാധകർക്ക് നൽകുന്നത്.
ഇറ്റാലിയൻ ലീഗ് കാണാത്തവർ പോലും നാപോളിയുടെ കളി കാണാൻ കാത്തിരുന്ന ഫുട്ബോൾ ശൈലി വികസിപ്പിച്ച സാരി ശത്രുക്കളുടെ പോലും പ്രശംസ പിടിച്ചു പറ്റി. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സര ശേഷം സാക്ഷാൽ പെപ് ഗാർഡിയോള പറഞ്ഞത് സാരിയുടെ നാപോളിയാണ് തന്റെ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ടീം എന്നാണ്.
4-3-3 ശൈലിയിൽ പന്തടക്കത്തിൽ ഊന്നിയുള്ള ആക്രമണ ശൈലിയാണ് സാരിയുടെ ഫുട്ബോൾ ശൈലിയുടെ പ്രത്യേകത. ചെറു പാസ്സുകളിലൂടെ നടത്തുന്ന മുന്നേറ്റം അങ്ങേയറ്റം മനോഹരവും ഗോളുകളുടെ എണ്ണം കൊണ്ടും സമ്പന്നം. സാരി- ബോൾ എന്ന പേരിൽ ഈ ശൈലി ഏറെ പ്രശസ്തമായ ഒന്നായി മാറി. നാപോളിയിൽ കഴിഞ്ഞ സീസണിൽ കിരീടം യുവന്റസിന് അടിയറവ് വച്ചെങ്കിലും 90 ന് മുകളിൽ പോയിന്റ് നേടിയ നാപോളി ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി. സീരി എ യുടെ ചരിത്രത്തിൽ 90 ന് മുകളിൽ പോയിന്റ് നേടിയിട്ടും കിരീടം നേടാത്ത ആദ്യ ടീമാണ് നാപോളി.
കളിക്കാരുടെ പ്രകടന മികവ് ഉയർത്തുന്നതിൽ സാരിയുടെ മികവ് എടുത്ത് പറയേണ്ട ഒന്നാണ്. സാധാരണ ഒരു വിങർ ആയിരുന്ന ഡ്രെയ്സ് മേർട്ടൻസ് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളടിക്കാരൻ ആയി വളർന്നത് സാരിയുടെ വിശ്വാസം കൊണ്ട് മാത്രമാണ്. ഹിഗ്വെയ്ൻ നാപോളി വിട്ടതിന് പകരമായി വന്ന മിലിക്കിന് പരിക്ക് വന്നതോടെയാണ് സാരി മേർട്ടൻസിനെ സ്ട്രൈക്കർ റോളിലേക്ക് വിജയകരമായി മാറ്റിയത്.
ചെൽസി കാത്തിരുന്ന പരിശീലകൻ എത്തി. ഇനി ഹസാർഡും വില്ലിയനും ക്ലബ്ബ് വിടാതെ നോക്കുക എന്നതും അവർക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. സാരിയുടെ കീഴിൽ ഹസാർഡ് മാജിക് പുതിയ ഉയരങ്ങൾ കീഴടക്കുന്ന കാഴ്ച ചെൽസി ആരാധകർക്ക് പുറമെ ഫുട്‌ബോൾ ആരാധകർ കൂടെ കാത്തിരിക്കുന്ന ഒന്നാണ്. ഒപ്പം ജോർജിഞോ എന്ന സാരിയുടെ നാപോളിയുടെ എൻജിൻ റൂമും സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നുണ്ട്. കാത്തിരിക്കാം സാരി-ബോൾ ഉയരുന്ന ആഗസ്റ്റ് മാസത്തിനായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial