ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് എവേ ഗ്രൗണ്ടായ മൊളിനക്സിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ആണ് ചെൽസി തോൽപ്പിച്ചത്. ഹാട്രിക്ക് ഗോളുമായി മദുവേകയും ഹാട്രിക്ക് അസിസ്റ്റുമായി കോൾ പാമറും ഇന്ന് ചെൽസിക്ക് ആയി കളം നിറഞ്ഞു. പാൾമർ ഒരു മനോഹര ഗോളും ഇന്ന് നേടി.
ഇന്ന് തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇരു ടീമുകളും കളിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ജാക്സണിലൂടെ ചെൽസി മുന്നിൽ എത്തി. 27ആം മിനുട്ടിൽ മാത്യ കുൻഹ്യയിലൂടെ വോൾവ്സിന്റെ തിരിച്ചടി വന്നു.
ആദ്യ പകുതിയുടെ അവസാനം പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിൽ പാൾമർ വീണ്ടും ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ലാർസന്റെ ഡൈവിംഗ് ഫിനിഷിലൂടെ വോൾവ്സ് വീണ്ടും ഒപ്പം എത്തി. ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ശക്തരായി. പാൾമർ മദുവേക കൂട്ടുകെട്ട് വോൾവ്സിനെ വേട്ടയാടി. 48, 58, 63 എന്നീ മിനുട്ടുകളിൽ ഒരുവരും ചേർന്ന് വോൾവ്സ് ഡിഫൻസിനെ തകർത്തു. പാൽമറിന്റെ മൂന്ന് നല്ല പാസ്. അതിനേക്കാൾ മികച്ച മൂന്ന് മദുവേക ഫിനിഷുകൾ. സ്കോർ 5-2. വോൾവ്സ് പരാജയം സമ്മതിച്ചു. പക്ഷെ ചെൽസി നിർത്തിയില്ല.
81ആം മിനുട്ടിൽ നെറ്റോയുടെ അസിസ്റ്റിൽ നിന്ന് തന്റെ രണ്ടാം അരങ്ങേറ്റത്തിൽ ഗോളുമായി ഫെലിക്സ്. സ്കോർ 6-2. ഇതോടെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ ചെൽസിക്ക് ലീഗിൽ 3 പോയിന്റ് ആയി. ഈ വിജയം ചെൽസിക്കും പുതിയ പരിശീലകൻ മരെസ്കയ്ക്കും ആത്മവിശ്വാസം നൽകും.