ഇന്ന് പ്രീമിയർ ലീഗിൽ ആവേശകരമായ ഒരു മത്സരം ആണ് നടക്കുന്നത്. വൻ ക്ലബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ആണ് ശനിയാഴ്ച നേർക്കുനേർ വരുന്നത്. പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാൻ മത്സരിക്കുന്ന ഇരു ക്ലബുകൾക്കും ഈ മത്സരം നിർണായകമാകും.
നിലവിൽ 40 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെൽസി, തിങ്കളാഴ്ച വോൾവർഹാംപ്ടണെ 3-1ന് തോൽപ്പിച്ച് വിജയമില്ലാത്ത അഞ്ച് മത്സരങ്ങളുടെ യാത്ര അവസാനിപ്പിച്ചിരുന്നു.
38 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള സിറ്റി, ഇപ്‌സ്‌വിച്ച് ടൗണിനെതിരായ 6-0 വിജയം ഉൾപ്പെടെ കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയാണ്. എന്നിരുന്നാലും, പിഎസ്‌ജിയോട് ചാമ്പ്യൻസ് ലീഗിൽ 4-2ന് പരാജയപ്പെട്ട സിറ്റി അത്ര സ്ഥിരതയുള്ള ഫോമിൽ അല്ല. പുതിയ സൈനിംഗുകളായ ഒമർ മർമൂഷ്, അബ്ദുക്കോദിർ ഖുസനോവ്, വിറ്റർ റെയ്‌സ് എന്നിവർ സിറ്റിക്കായി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കാം.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിൽ നടക്കുന്ന മത്സരം രാത്രി 11 മണിക്ക് ആരംഭിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.