പ്രീമിയർ ലീഗിൽ ഇന്ന് ഒരു വൻ പോരാട്ടം ആണ് നടക്കുന്നത്. സ്റ്റാംഫോബ്രിഡ്ജിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഒരിക്കൽ കൂടെ ഏറ്റുമുട്ടുകയാണ്. ഈ സീസണിലെ ഇരു ക്ലബുകളും തമ്മിലുള്ള മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ടു തവണയും ലമ്പാർഡിന്റെ ചെൽസിയെ നേരിട്ടപ്പോൾ വിജയം ഒലെയുടെ യുണൈറ്റഡിനായിരുന്നു. എന്നാൽ ഇത്തവണ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായേക്കില്ല.
ലീഗിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. പ്രീമിയർ ലീഗിൽ അവസാന മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ നേടാൻ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടില്ല. റാഷ്ഫോർഡ് പരിക്കേറ്റു പോയതിനു ശേഷം ദയനീയ സ്ഥിതിയിലാണ് യുണൈറ്റഡ് ഉള്ളത്. എന്നാൽ ഇന്ന് പുതിയ സ്ട്രൈക്കർ ഇഗാളോ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചേക്കും. മധ്യനിര താരം ബ്രൂണോയും ടീമിൽ ഉണ്ടാകും.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല ചെൽസിയും അത്ര ഫോമിൽ അല്ല. ലീഗിൽ നാലാം സ്ഥാനത്ത് ആണ് എങ്കിലും അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ ചെൽസിക്ക് ജയമില്ല. ലമ്പാർഡിന്റെ കീഴിൽ മികച്ച അറ്റാക്കിംഗ് കാഴ്ചവെക്കാൻ ആകുന്നു എങ്കിലും ഡിഫൻശിൽ ചെൽസിക്ക് വലിയ തലവേദനകൾ ആണ് ഉള്ളത്. ഒപ്പം ഗോൾ കീപ്പിംഗും ചെൽസിക്ക് പ്രശ്നമാണ്. ഇന്ന് ലമ്പാർഡ് കെപെയെ വലയ്ക്കു മുന്നിൽ ഇറക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്ന. സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.