അടുത്തിടെ മാത്രം ചെൽസിയിൽ എത്തിയ ആന്ദ്രേ സാന്റോസിന് വേണ്ടിയുള്ള ഓഫറുകൾക്ക് തൽക്കാലം ചെവി കൊടുക്കാതിരിക്കാൻ ചെൽസി. യുവ താരത്തിന് വേണ്ടി യൂറോപ്പിലെ പല വമ്പൻ ടീമുകളും രംഗത്ത് ഉണ്ടെങ്കിലും പ്രീ സീസണിലും തുടർന്നും ടീമിൽ നിലനിർത്താൻ തന്നെയാണ് ചെൽസിയുടെ തീരുമാനം എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീമുകൾ സാന്റോസിൽ താല്പര്യമറിയിച്ച് വന്നെങ്കിലും ചർച്ചകൾ ഒന്നും മുന്നോട്ടു പോയിട്ടില്ല. ജനുവരിയിൽ ബ്രസീലിയൻ ടീമായ വാസ്ഗോഡ ഗാമയിൽ നിന്നും എത്തിച്ച താരത്തിന് പക്ഷെ വർക്ക് പെർമിറ്റും മറ്റ് പ്രശ്നങ്ങളും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ടീമിനോടൊപ്പം ചേരാൻ സാധിച്ചത്. അത് കൊണ്ട് തന്നെ സീനിയർ ടീമിനോടൊപ്പം പ്രീ സീസണിൽ സാന്റോസിനെ ഉൾപ്പെടുത്താൻ തന്നെയാണ് ചെൽസിയുടെയും പോച്ചട്ടിനോയുടെയും തീരുമാനം.
വാസ്ഗോഡ ഗാമ ക്ലബ്ബിനും ബ്രസീൽ ദേശിയ യൂത്ത് ടീമിനും വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനം ആണ് താരത്തെ യൂറോപ്പിലെ വമ്പന്മാരുടെ കണ്ണിൽ എത്തിച്ചത്. പതിനെട്ടു മില്യൺ പൗണ്ടോളം നൽകി ജനുവരിയിൽ താരത്തെ സൈൻ ചെയ്യാൻ ചെൽസിക്കായി എന്നാൽ സാങ്കേതിക പ്രശ്നം കാരണം തിരിച്ച് ബ്രസീലിലേക്ക് തന്നെ ലോണിൽ അയച്ചു. മധ്യനിരയിൽ കാര്യമായ കൊഴിഞ്ഞു പോക്ക് ഉണ്ടായ ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോക്ക് ശേഷം ടീം ഭാവിയിലേക്ക് ഉറ്റു നോക്കുന്ന താരം കൂടിയാണ് സാന്റോസ്. അതിനിടെയാണ് ബാഴ്സക്ക് താരത്തിൽ താല്പര്യമുള്ളതായി സ്പാനിഷ്-ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബസ്ക്വറ്റ്സിന് പകരക്കാരനായി ടീം നോട്ടമിടുന്ന താരങ്ങളിൽ ഒരാൾ ആണത്രേ സാന്റോസ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെൽസി ഈ കൈമാറ്റത്തിന് തയ്യാറാകില്ല എന്നാണ് റോമാനോയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Download the Fanport app now!