ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ വലിയ അവസരങ്ങൾ നഷ്ട്ടപെടുത്തുന്നതിൽ തനിക്ക് നിരാശയുണ്ടെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ. മത്സരത്തിൽ ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ ലഭിച്ച അവസരം നഷ്ട്ടപെടുത്തിയിരുന്നു. വെർണർ വെസ്റ്റ്ഹാമിനെതിരെയും വലിയ അവസരം നഷ്ട്ടപെടുത്തിയെന്നും റയൽ മാഡ്രിഡിനെതിരെ ഇന്നും താരം വലിയ അവസരം നഷ്ട്ടപെടുത്തിയെന്നും ഇതൊന്നും ടീമിനെ സഹായിക്കില്ലെന്ന് ചെൽസി പരിശീലകൻ പറഞ്ഞു.
എന്നാൽ അവസരം നഷ്ട്ടപെടുത്തുന്നതിനെ കുറിച്ച് ആലോചിച്ച് സമയം കളയുന്നതിൽ കാര്യമില്ലെന്നും ടിമോ വെർണർ മികച്ച പ്രൊഫഷണൽ ആണെന്നും അടുത്ത മത്സരത്തിൽ വെർണർ സ്കോർ ചെയ്താൽ ആളുകൾ ഇതെല്ലം മറക്കുമെന്നും ടൂഹൽ പറഞ്ഞു. റയൽ മാഡ്രിഡിനെതിരായ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതിൽ ചെൽസി പരിശീലകൻ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിനെ വെല്ലുന്ന പ്രകടനം ചെൽസി നടത്തിയെങ്കിലും ഒരു ഗോൾ മാത്രമാണ് ചെൽസിക്ക് നേടാനായത്.