വെംബ്ലിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ തോൽപ്പിച്ചല്ലോ എന്ന ആശ്വാസത്തിൽ ചെൽസിക്ക് വിശ്രമിക്കാൻ ആവില്ല. ഇന്ന് വെംബ്ലിയേക്കാൾ വലിയ പോരാട്ടമാണ് അവർക്ക്. ഇന്ന് ലമ്പാർഡിന്റെ ചെൽസി ആൻഫീൽഡിൽ ഇറങ്ങുകയാണ്. ചാമ്പ്യന്മാരായ ലിവർപൂളിനെതിരെ. ഇന്ന് ലിവർപൂളിനെ തോൽപ്പിച്ചാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. കാരണം അവസാന മത്സരത്തിൽ ചെൽസിക്ക് പിറകിൽ ഉള്ള ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടേണ്ടവർ ആണ്. അതുകൊണ്ട് അതിൽ ഒരു ടീമിന് മാത്രമേ ചെൽസി മറികടക്കാൻ സാധ്യത ബാക്കി നിൽക്കുകയുള്ളൂ.
എന്നാൽ ഇന്ന് ചെൽസി വിജയിച്ചില്ല എങ്കിൽ കാര്യങ്ങൾ കുഴയും. ഇപ്പോൾ 63 പോയന്റുമായാണ് ചെൽസി മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. നാലാമതുള്ള ലെസ്റ്റർ സിറ്റിക്കും അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും 62 പോയന്റ് വീതം ഉണ്ട്. ഇതിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും 36 മത്സരങ്ങൾ വീതം കളിച്ചപ്പോൾ ലെസ്റ്റർ 37 മത്സരങ്ങൾ കളിച്ചു. സീസണിൽ ആകെ 38 മത്സരങ്ങൾ ആണ് ഉള്ളത്. ഇന്ന് ചെൽസി വിജയിക്കാതിരിക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെതിരെ ജയിക്കുകയും ചെയ്താൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് എത്തും. ചെൽസി നാലാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. അവസാന മത്സരത്തിൽ ഗംഭീര ഫോമിൽ ഉള്ള വോൾവ്സ് ആണ് ചെൽസിയുടെ എതിരാളികൾ. അതുകൊണ്ട് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല.
അതുകൊണ്ട് തന്നെ ഇന്ന് ലമ്പാർഡ് വിജയത്തിനായി തന്നെ ആകും ഇറങ്ങുക. ലിവർപൂളിനെ ആൻഫീൽഡിൽ തോൽപ്പിക്കുക എന്നാൽ ഒട്ടും ചെറിയ കാര്യമല്ല. കിരീടം നേടിയതിനാൽ ലിവർപൂൾ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. രാത്രി 12.45നാണ് മത്സരം