ചെൽസി പതിയെ ഫോമിലേക്ക് തിരികെയെത്തുകയാണ്. അവർ ഇന്ന് ആവേശകരമായ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 3-1 ന് പരാജയപ്പെടുത്തി കൊണ്ട് 2022 ഒക്ടോബറിനു ശേഷമുള്ള ചെൽസിയുടെ ആദ്യ എവേ ലീഗ് വിജയം ഉറപ്പിച്ചു. ഗ്രഹാം പോട്ടറുടെ നേതൃത്വത്തിൽ ചെൽസി തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടി എന്ന നേട്ടവും ഈ വിജയം കൊണ്ട് സാധ്യമായി. അവസാന കുറച്ച് മാസങ്ങളായുള്ള പ്രതിസന്ധിയിൽ നിന്ന് ചെൽസി കരകയറുന്നതിന്റെ സൂചനകളാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ ബെൻ ചില്വെലിന്റെ ഒരു വോളിയിലൂടെ ചെൽസിയാണ് കിംഗ് പവർ സ്റ്റേഡിയത്തിൽ ഇന്ന് മുന്നിൽ എത്തിയത്. എന്നാൽ ലെസ്റ്ററിന്റെ പി.ഡാക്കയുടെ ഗോളിൽ അവർ സമനില പിടിച്ചു.ആദ്യ പകുതിയുടെ അവസാനം വരെ സമനില തുടർന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം എൻസോ ഫെർണാണ്ടസിന്റെ ഒരു മാസ്മരിക പാസിൽ നിന്ന് കായ് ഹവേർട്സ് ചെൽസിയുടെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ മുദ്രിചിന്റെ അസിസ്റ്റിൽ നിന്ന് കൊവാചിച് കൂടെ ഗോൾ നേടിയതോടെ ചെൽസി വിജയം ഉറപ്പിച്ചു. ലെസ്റ്ററിന്റെ ഡിഫൻഡർ വൗട്ട് ഫെസ് അവസാന നിമിഷം ചുവപ്പ് കണ്ട് പുറത്താകുന്നതും കാണാനായി.
ഈ വിജയത്തോടെ ചെൽസിയുടെ പോയിന്റ് 26 മത്സരങ്ങളിൽ നിന്ന് 37 ആയി ഉയർന്നു, ലീഗ് ടേബിളിൽ അവർ ഇപ്പോഴും 10-ാം സ്ഥാനത്ത് നിൽക്കുകയാണ്. ലെസ്റ്റർ സിറ്റി 24 പോയിന്റുമായി 16-ാം സ്ഥാനത്താണ്.