പ്രീമിയർ ലീഗിൽ റെലെഗേഷൻ പോരാട്ടത്തിലുള്ള ബ്രൈറ്റനെതിരെ സമനില കൊണ്ട് തടിതപ്പി ചെൽസി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രൈറ്റൻ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് മുൻപ് യൂറോപ്യൻ സൂപ്പർ ലീഗിൽ ചെൽസി ചേരുന്നതിനതിരെ സ്റ്റേഡിയത്തിന് മുൻപിൽ ആരാധകരുടെ പ്രതിഷേധം കാരണം മത്സരം 15 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്രൈറ്റൻ താരം ബെൻ വൈറ്റ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പെരുമായാണ് ബ്രൈറ്റൻ മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെൽസിക്കെതിരെ ഗോൾ നേടാനുള്ള സുവർണ്ണാവസരം ബ്രൈറ്റൻ നഷ്ട്ടപെടുത്തിയിട്ടില്ലായിരുന്നെങ്കിൽ മത്സരം ഫലം മറ്റൊന്നാവുമായിരുന്നു. ബ്രൈറ്റൻ താരം വെൽബൈക്കിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ആദം ലലാനക്ക് ലഭിച്ച സുവർണ്ണാവസരം താരം നഷ്ട്ടപെടുത്തിയതും അവർക്ക് തിരിച്ചടിയായി. മത്സരം സമനിലയിൽ ആയെങ്കിലും വെസ്റ്റ്ഹാമിനെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് ചെൽസി നാലാം സ്ഥാനത്തെത്തി.