അങ്ങനെ ദീർഘകാലത്തെ മോശം സ്പെല്ലിനു ശേഷം ചെൽസി ഫോമിലേക്ക് ഉയരുകയാണ്. അവർ ഇന്നലെ പ്രീമിയർ ലീഗിൽ അയല്പക്കകാരായ ഫുൾഹാമിനെ വീഴ്ത്തി. അതും ഫുൾഹാമിന്റെ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരിന്നു ചെൽസിയുടെ വിജയം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചെൽസി താരം മിഖാലോ മുദ്രൈക് തന്റെ ആദ്യ ഗോൾ നേടുന്നതും കാണാൻ ആയി.
മത്സരത്തിന്റെ 18ആം മിനുട്ടിൽ യുവതാരം കോൾവിലിന്റെ അസിസ്റ്റിൽ നിന്ന് ആയിരുന്നു മുദ്രൈകിന്റെ ഗോൾ. കഴിഞ്ഞ സീസണിൽ ചെൽസിയിൽ എത്തിയ മുദ്രൈക് ഇതാദ്യമായാണ് ചെൽസിക്ക് ആയി ഒരു ഗോൾ നേടുന്നത്. 19ആം മിനുട്ടിൽ ബോർഹയിലൂടെ ചെൽസി തങ്ങളുടെ രണ്ടാം ഗോളും നേടി. ഈ ഗോളുകൾ ചെൽസിക്ക് പോചടീനോയുടെ കീഴിയിലെ ആദ്യ തുടർച്ചയായ രണ്ടാം ജയം നൽകി. കഴിഞ്ഞ മത്സരത്തിൽ ലീഗ് കപ്പിൽ ചെൽസി ബ്രൈറ്റണെയും തോൽപ്പിച്ചിരുന്നു.
ലീഗിൽ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി ചെൽസി ഇപ്പോൾ 11ആം സ്ഥാനത്ത് നിൽക്കുന്നു.