സാരിക്കെതിരെ തിരിഞ്ഞ് ചെൽസി ആരാധകർ

Staff Reporter

പരിശീലകൻ മൗറിസിയോ സാരിക്കെതിരെ പ്രതിഷേധവുമായി ചെൽസി ആരാധകർ രംഗത്ത്. എഫ്.എ കപ്പിൽ സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോറ്റതോടെയാണ് ആരാധകർ കൂട്ടമായി സാരിക്കെതിരെ രംഗത്തെത്തിയത്. ആദ്യ പകുതിയിൽ ഹെരേരയും പോഗ്ബയും നേടിയ ഗോളുകളുടെ പിൻബലത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ജയിച്ചത്. കുറച്ച ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലും ചെൽസി നാണം കെട്ട തോൽവിയേറ്റുവാങ്ങിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 6 ഗോൾ വഴങ്ങിയ പ്രതിരോധത്തിൽ നിന്ന് മാറ്റങ്ങൾ വരുത്താത്തതും  ആരാധകർ പരിശീലകനെതിരെ തിരിയാൻ കാരണമായിട്ടുണ്ട്. യുവ താരങ്ങൾക്ക് അവസരം കൊടുക്കാത്തതും തുടർച്ചയായി പിഴവുകൾ വരുത്തുന്നവരെ മാറ്റാൻ സാരി തയ്യാറാവാത്തതും പല ആരാധകരും പരിശീലകനെതിരാവാൻ കാരണമായി. മാർക്കോസ് അലോൺസോക്ക് സ്ഥിരമായി അവസരം ലഭിക്കുന്നതും യുവ താരം ഹഡ്സൺ ഒഡോയിയെ കളിപ്പിക്കാത്തതും ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. സാരിയുടെ ഫുട്ബോൾ പ്രവചിക്കാനാവുന്നതാണെന്നും സാരിക്ക് ഒരു പ്ലാൻ ബി ഇല്ലെന്നും ആരാധകർ ആരോപിച്ചു.

ഇന്നലെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ എഫ്.എ കപ്പ് മത്സരത്തിന് ശേഷം സാരിയെ ‘എഫ്’ വാക്ക് ഉപയോഗിച്ച് കൊണ്ടാണ് ആരാധകർ യാത്രയാക്കിയത്. അടുത്ത ദിവസം തന്നെ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ പരിശീലകനെ മാറ്റണമെന്ന ആവശ്യവുമായി പല ആരാധകരും രംഗത്തെത്തിയിട്ടുമുണ്ട്.