ഒരു ഗോളിന് പിറകിൽ പോയിട്ടും ശക്തമായി തിരിച്ചുവന്ന ചെൽസിക്ക് മികച്ച ജയം. ഷെഫീൽഡ് യൂണൈറ്റഡിനെയാണ് ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ചെൽസിയിൽ എത്തിയ ഹക്കിം സീയെഷിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ചെൽസി അനായാസമാണ് ജയം സ്വന്തമാക്കിയത്. ചെൽസിയുടെ തുടർച്ചയായ നാലാം ജയം കൂടിയായിരുന്നു ഇന്നത്തെ മത്സരം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാക്ഗോൾഡറിക്കിന്റെ ഗോളിലാണ് ഷെഫീൽഡ് ചെൽസിക്കെതിരെ ലീഡ് നേടിയത്. എന്നാൽ അധികം താമസിയാതെ ടാമി അബ്രഹാമിലൂടെ സമനില പിടിച്ച ചെൽസി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഗോളിലൂടെ മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് അങ്ങോട്ട് മത്സരത്തിന്റെ പൂർണ ആധിപത്യം കയ്യിലാക്കിയ ചെൽസി രണ്ടാം പകുതിയിലും ഗോളടി തുടരുകയായിരുന്നു.
രണ്ടാം പകുതിയിൽ തിയാഗോ സിൽവയുടെ ഗോളിലൂടെയാണ് ചെൽസി മൂന്നാമത്തെ ഗോൾ നേടിയത്. സിൽവയുടെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് മത്സരം അവസാനിക്കുന്നതിന് മുൻപ് വെർണർ ചെൽസിയുടെ നാലാമത്തെ ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.