റെലെഗേഷൻ ഭീഷണിയിലുള്ള ലീഡ്സ് യുണൈറ്റഡിന് വീണ്ടും തോൽവി. ചെൽസിയാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലീഡ്സ് താരം ഡാനിയൽ ജെയിംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായാണ് ലീഡ്സ് കളിച്ചത്.
ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്തെത്തി. സീസണിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് നേടിയാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
മത്സരത്തിന്റെ തുടക്കത്തിൽ മേസൺ മൗണ്ടിന്റെ ഗോളിലാണ് ചെൽസി മുൻപിൽ എത്തിയത്. ജയിംസിന്റെ പാസിൽ നിന്നാണ് മേസൺ മൗണ്ട് ഗോൾ നേടിയത്. തുടർന്നാണ് ഡാനിയൽ ജെയിംസിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. കോവസിച്ചിനെ ഫൗൾ ചെയ്തതിന് ആണ് റഫറി ഡാനിയൽ ജെയിംസിന് ചുവപ്പ് കാർഡ് കാണിച്ചത്.
തുടർന്ന് രണ്ടാം പകുതിയിൽ ക്രിസ്ത്യൻ പുലിസിക്കിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. മേസൺ മൗണ്ടിന്റെ പാസിൽ നിന്നാണ് പുലിസിക് ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ 7 മിനിറ്റ് ബാക്കി നിൽക്കെ ചെൽസി ലുകാകുവിലൂടെ ഗോൾ മൂന്നാമത്തെ ഗോളും നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് ലുകാകുവിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ഇന്നത്തെ തോൽവിയോടെ 35 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഡ്സ് യുണൈറ്റഡ് പതിനെട്ടാം സ്ഥാനത്താണ്.