ചെൽസി ഫുട്ബോൾ ക്ലബ് ഈ സീസണിൽ പ്രീമിയർ ലീഗിൽ തങ്ങളുടെ ഫോം കണ്ടെത്താൻ പാടുപെടുകയാണ്, ആഴ്സണലിനോട് ഇന്നലെ ഏറ്റ തോൽവി അവരുടെ സങ്കടങ്ങൾ വർദ്ധിപ്പിച്ചു. ലണ്ടൻ ഡാർബിയിൽ 3-1 ന് തോറ്റ ചെൽസിക്ക് ഇത് തുടർച്ചയായ ആറാം തോൽവി ആയിരുന്നു, 1993നു ശേഷം ഇതുവരെ ചെൽസി തുടർച്ചയായി ആറു മത്സരങ്ങൾ പരാജയപ്പെട്ടിരുന്നില്ല.
ചെൽസിയുടെ പുതിയ മാനേജർ ഫ്രാങ്ക് ലാംപാർഡിനും ഈ പരാജയം ക്ഷീണമാണ്, താൻ ചുമതലയേറ്റ ശേഷമുള്ള ആറ് മത്സരങ്ങളും അദ്ദേഹം പരാജയപ്പെട്ടു. ചെൽസിയുടെ ചരിത്രത്തിലെ ഒരു പരിശീലകന്റെ ഏറ്റവും മോശം തുടക്കമാണിത്.
പ്രീമിയർ ലീഗ് കാലഘട്ടത്തിൽ ആദ്യമായി ഒരു സീസണിൽ എല്ലാ മത്സരങ്ങളിലുമായി 20 മത്സരങ്ങളിൽ ചെൽസി തോറ്റുവെന്ന മോശം റെക്കോർഡ് കൂടെ ഇന്നലെ ആഴ്സണലിനോട് തോറ്റതോടെ ചെൽസി കണക്കിൽ ചേർത്തു. ഇപ്പോൾ വെറും 39 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ് ചെൽസി.