അപരാജിത കുതിപ്പ് തുടരുന്ന ചെൽസിക്ക് ഇന്ന് ലണ്ടൻ ഡർബി പരീക്ഷണം. വെസ്റ്റ് ഹാമിനെ അവരുടെ മൈതാനത്ത് നേരിടുന്ന നീലപട ലീഗിൽ തുടർച്ചയായ ആറാം ജയമാകും ലക്ഷ്യമിടുക. എവർട്ടനെതിരെ സീസണിലെ ആദ്യ ജയം നേടിയ വെസ്റ്റ് ഹാം ഫോം തുടരാനാകും ശ്രമിക്കുക. ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് കിക്കോഫ്.
നിലവിലെ ഫോമിൽ ചെൽസിയെ തടയുക പ്രയാസമാണ് എങ്കിലും ഡർബി ആവേശവും ഹോം ഗ്രൗണ്ടിന്റെ നേട്ടവും ഗോളാക്കാനായാൽ വെസ്റ്റ് ഹാമിന് സാധ്യത ഉണ്ട്. പ്രത്യേകിച്ചും ചെൽസി പ്രതിരോധത്തിൽ അത്ര ശക്തന്മാരല്ല എന്നത് കണക്കിൽ എടുക്കുമ്പോൾ. പക്ഷെ ഈഡൻ ഹസാർഡ് അടക്കമുള്ള ആക്രമണ നിര വല നിറയെ ഗോൾ അടിക്കാൻ കരുത്തുള്ളവരാണ് എന്നത് ചെൽസിക്ക് മുൻതൂക്കം നൽകുന്നു.
ചെൽസി നിരയിലേക്ക് യൂറോപ്പ ലീഗിൽ കളിക്കാതിരുന്ന ഹസാർഡ്, കോവാചിച്, ഡേവിഡ് ലൂയിസ്, ജിറൂദ് എന്നിവർ തിരിച്ചെത്തും. വെസ്റ്റ് ഹാം നിരയിൽ അനാടോവിച് കളിക്കാനാണ് സാധ്യത.