ജോസെ മൗറീനോ പടിയിറങ്ങി. ഇനി ആര് എന്ന് ചോദ്യത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉത്തരം നൽകിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഇതിഹാസ മിഡ്ഫീൽഡറായ മൈക്കിൾ കാരിക്ക് ആകും ഇനി യുണൈറ്റഡിനെ പരിശീലിപ്പിക്കുക എന്നാണ് വാർത്തകൾ വരുന്നത്. സീസൺ അവസാനം വരെ വേറൊരു പരിശീലകനെ യുണൈറ്റഡ് നിയമിച്ചേൽകില്ല.
കഴിഞ്ഞ സീസണിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച കാരിക്ക് ജോസെ മൗറീനോയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡിൽ വർഷങ്ങളോളം കളിച്ച കാരിക്ക് ഒരു വലിയ പരിശീലകനായി മാറുമെന്ന് ജോസെ തന്നെ പറഞ്ഞിരുന്നു. പരിചയ സമ്പത്ത് കുറവാണെങ്കിലും യുണൈറ്റഡ് രക്തമായത് കൊണ്ട് കാരിക്ക് വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പിന്തുണ ലഭിച്ചേക്കും.
ഡ്രസിംഗ് റൂമിൽ കാരിക്കിന് വലിയ പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ ടീമിന് ഇത് പോസിറ്റീവായി ഗുണം ചെയ്യുമെന്നും ക്ലബ് കരുതുന്നു. നേരത്തെ വാൻ ഹാലിനെ പുറത്താക്കിയപ്പോൾ ഗിഗ്സിനെയും യുണൈറ്റഡ് ഇതുപോലെ പരിശീലകനാക്കിയിരുന്നു. കാരിക്ക് പരിശീലകനായി തുടരുന്ന സമയം തന്നെ മറ്റൊരു പരിശീലകനായുള്ള തിരച്ചൽ നടത്തുമെന്നും അടുത്ത സീസൺ തുടക്കത്തിലേക്ക് പുതിയ പരിശീലകനെ നിയമിക്കും എന്നുമാണ് ക്ലബിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
എന്നാൽ കാരിക്കോ മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ്സ് ടീം കോച്ചായ നിക്കി ബട്ടോ ആകില്ല താൽക്കാലിക മാനേജർ എന്നും പുറത്ത് നിന്നുള്ള ആളായിരിക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്.