പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് ഞെട്ടിക്കുന്ന തോൽവി. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ടോട്ടൻഹാമിനു മേൽ ടർഫ് മൂറിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബേർൺലി അവിശ്വസനീയ പ്രകടനം ആണ് പുറത്ത് എടുത്തത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ബേർൺലി ജയം. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ മാത്രം പിന്നിൽ പോയ ബേർൺലി ആണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത്. ആദ്യ പകുതിയിൽ സ്പെർസ് മുന്നേറ്റത്തെ നന്നായി പ്രതിരോധിച്ച അവർ ഇടക്ക് അവസരങ്ങളും തുറന്നു. പലപ്പോഴും ബേർൺലി താരങ്ങളുടെ ഉയരം ടോട്ടൻഹാമിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയപ്പോൾ ടോട്ടൻഹാമിന്റെ മുന്നേറ്റങ്ങൾ എല്ലാം ബേർൺലി പ്രതിരോധം മികച്ച രീതിയിൽ പ്രതിരോധിച്ചു. രണ്ടാം പകുതിയിലും കോന്റെയുടെ ടീമിനെ ഭയക്കാതെയാണ് ബേർൺലി കളിച്ചത്. 71 മത്തെ മിനിറ്റിൽ ജോഷ് ബ്രോൺഹിലിന്റെ ഫ്രീകിക്കിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ പ്രതിരോധ താരവും ബേർൺലി ക്യാപ്റ്റനും ആയ ബെൻ മീ ടോട്ടൻഹാമിനെ ഞെട്ടിച്ചു. തുടർന്ന് ജെയ് റോഡ്രിഗസിന് ലഭിച്ച മികച്ച അവസരം താരത്തിന് ഗോൾ ആക്കി മാറ്റാൻ ആവാത്തത് ടോട്ടൻഹാമിനു ആശ്വാസം ആയി. ഗോൾ വഴങ്ങിയ ശേഷം ഗോൾ തിരിച്ചടിക്കാനുള്ള ടോട്ടൻഹാം ശ്രമങ്ങൾ ബേർൺലി അനായാസം പ്രതിരോധിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ 18 സ്ഥാനത്തേക്ക് ഉയർന്നു ബേർൺലി. തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ അവർക്ക് വലിയ കരുത്ത് ആവും ഈ ജയം. പരാജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത മോഹങ്ങൾക്ക് വലിയ തിരിച്ചടി ആവും.