മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ബ്രൂണോയുടെ മനോഹര സ്ട്രൈക്കിൽ ബേർൺലിയെ തോൽപ്പിച്ചു

Newsroom

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ. ഇന്ന് നടന്ന പ്രീമിയർ ലീഗ് എവേ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആണ് വിജയ ഗോൾ നേടിയത്. അത്ര പ്രതീക്ഷ നൽകുന്ന പ്രകടനം ആയിരുന്നില്ല എങ്കിലും ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകും.

മാഞ്ചസ്റ്റർ 23 09 24 01 45 40 031

ഇന്ന് ടർഫ്മൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. തുടക്കത്തിൽ ബ്രൂണോയിലൂടെ ട്രഫോർഡിനെ ഒന്ന് പരീക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയി എങ്കിലും പക്ഷെ അതിനു ശേഷം ബേർൺലിയുടെ ആധിപത്യം കാണാൻ ആയി. അവർ പന്ത് കൈവശം വെക്കുകയും അവസരം സൃഷ്ടിക്കുകയും ചെയ്തു. ഒനാനയുടെ മികച്ച സേവ് യുണൈറ്റഡിനെ രക്ഷിച്ചു. ഒരു തവണ ഗോൾ പോസ്റ്റും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി.

മത്സരത്തിന്റെ 25ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജോണി എവാൻസ് യുണൈറ്റഡിനായി ഗോൾ നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ആദ്യ പകുതിയുടെ അവസാനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കണ്ടെത്തിയത്. എവാൻ നൽകിയ ഒരു ലോംഗ് ബോൾ അതിമനോഹരമായ ഒരു വോളിയിലൂടെ ബ്രൂണോ വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ 1-0.

രണ്ടാം പകുതിയിൽ ബേർൺലി ഏറെ ശ്രമിച്ചു എങ്കിലും സമനില ഗോൾ വന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ അധികം അവസരവും സൃഷ്ടിച്ചില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 6 മത്സരങ്ങളിൽ നിന്ന് 9 പോയിന്റിൽ എത്തി. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് ഒരു കളി ജയിക്കുന്നത്.