പുതിയ പരിശീലകനെ അന്വേഷിക്കുന്ന ചെൽസി ബേർൺലി പരിശീലകൻ കൊമ്പനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന റിപ്പോർട്ടുകളിൽ കൊമ്പനിയുടെ പ്രതികരണം. ഇപ്പോൾ ഞാൻ ഇങ്ങനെയുള്ള ഒരു ചർച്ചകളിൽ താല്പര്യപ്പെടുന്നില്ല എന്നും ഇത് പ്രോത്സാഹിപ്പിക്കില്ല എന്നും കൊമ്പനി പറഞ്ഞു. ഇപ്പോൾ തന്റെ ശ്രദ്ധ ബേർൺലിയിൽ മാത്രമാണ്. ഇവിടെ മത്സരങ്ങൾ വിജയിക്കുന്ന കാര്യമാണ് ഇപ്പോൾ പ്രധാനം എന്നും കൊമ്പനി പറഞ്ഞു.
പോചടീനോ, ലൂയി എൻറികെ എന്നിവർക്ക് ഒപ്പമാണ് ഇപ്പോൾ കൊമ്പനിയും ചെൽസിയുടെ ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇപ്പോൾ ബേർൺലിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച കൊമ്പനി ക്ലബ് വിട്ട് വരാൻ ഉള്ള സാധ്യത വളരെ കുറവാണ്. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.
മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.