ബുകയോ സാക്ക – ഈ 18 കാരൻ ആണ് ആഴ്‌സണലിന്റെ പുതിയ അസിസ്റ്റ് രാജാവ്

ബുകയോ സാക്ക എന്ന 18 വയസ്സ്കാരൻ ഇംഗ്ലീഷ് ബാലൻ ആണ് ഓസിലും,പെപ്പെയും, ശാക്കയും, സെബയോസും അടക്കം അടങ്ങിയ ആഴ്‌സണൽ ടീമിലെ പുതിയ അസിസ്റ്റ് രാജാവ്. സീസണിൽ ഇത് വരെ എല്ലാ ടൂർണമെന്റിൽ നിന്നായി 10 അസിസ്റ്റുകൾ ആണ് ഈ കൗമാരക്കാരൻ നൽകിയത്. 2006 ൽ സാക്ഷാൽ സെസ്ക് ഫാബ്രിഗാസിന് ശേഷം ആഴ്‌സണലിൽ 10 അസിസ്റ്റുകൾ നൽകുന്ന ആദ്യ കൗമാരക്കാരൻ ആയി സാക്ക ഇതോടെ. ഇത് കൂടാതെ സീസണിൽ 3 ഗോളുകളും ഈ 18 കാരൻ നേടിയിട്ടുണ്ട്. നിർണായക മത്സരത്തിൽ എവർട്ടനു എതിരെ പകരക്കാരനായി വന്ന് കളി മാറ്റിയത് പോലെ യൂറോപ്പ ലീഗിൽ സമനില ഉറപ്പാക്കിയ മത്സരത്തിൽ ഒളിമ്പിയാക്കോസിനെതിരെ ജയം ഒരുക്കിയത് പോലെ പലപ്പോഴും സീസണിൽ ആഴ്‌സണലിന്റെ രക്ഷകൻ ആവുക ആണ് ഈ പയ്യൻ.

2001 ൽ സെപ്റ്റംബറിൽ ലണ്ടനിൽ ജനിച്ച നൈജീരിയൻ വേരുകൾ ഉള്ള സാക്ക ആഴ്‌സണലിന്റെ ഹേൽ എന്റ് അക്കാദമിയിലൂടെയാണ് വളർന്നത്. മികച്ച യുവതാരങ്ങൾക്ക് ഒപ്പം സാക്കയും ആഴ്‌സണൽ ഭാവി ആണെന്ന സൂചനകൾ അന്ന് തന്നെ ഉണ്ടായിരുന്നു. 17 വയസ്സ് ആയ ശേഷം ആഴ്‌സണലിൽ കരാറിൽ ഏർപ്പെട്ട സാക്ക 2018 നവംബറിൽ ആരോൺ റംസിക്ക് പകരക്കാരനായി ആണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു മുമ്പ് വിവിധ യൂത്ത് തലങ്ങളിൽ ആഴ്‌സണലിനെയും ഇംഗ്ലണ്ടിനെയും സാക്ക പ്രതിനിധീകരിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ട് അണ്ടർ 19 താരമായ സാക്ക നിലവിലെ ഫോമിൽ ഈ വർഷത്തെ യൂറോ കപ്പ് ടീമിൽ ഉൾപ്പെട്ടാലും അതിശയിക്കേണ്ടതില്ല.

വിങർ ആയ സാക്ക തന്റെ വേഗം കൊണ്ടും മികച്ച ക്രോസുകൾ കൊണ്ടും വളരെ വേഗം തന്നെ യൂത്ത് തലങ്ങളിൽ പേരെടുത്തിരുന്നു. 2019 ജനുവരി 1 നു ഫുൾഹാമിനു എതിരെ അലക്‌സ് ഇയോബിക്ക് പകരക്കാരനായി പ്രീമിയർ ലീഗിലും സാക്ക അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഈ വർഷത്തെ യൂറോപ്പ ലീഗിൽ ഫ്രാങ്ക്‌ഫർട്ടിനു എതിരായ മൂന്ന് ഗോൾ ജയത്തിൽ ഗോൾ അടിക്കുകയും അടുപ്പിക്കുകയും ചെയ്തതോടെ കൂടുതൽ അവസരങ്ങൾ സാക്കക്ക് നൽകാൻ അന്നത്തെ ആഴ്‌സണൽ പരിശീലകൻ ആയ ഉനയ് എമറെ തീരുമാനിച്ചു. ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ഒബമയാങിന്റെ സമനില ഗോളിന് വഴി ഒരുക്കിയ സാക്ക തന്റെ മൂല്യം പ്രീമിയർ ലീഗിനെയും അറിയിച്ചു. അതിനിടയിൽ ആഴ്‌സണൽ ഇടത് ബാക്കുകൾക്ക് പരിക്ക് ഏറ്റത് ഒരർഥത്തിൽ സാക്കക്ക് അനുഗ്രഹം ആയി.

തുടർന്ന് ഇടത് ബാക്ക് ആയി സീനിയർ ടീമിൽ സ്ഥിരമായി ഇടം കണ്ടത്തിയ സാക്ക എമറെക്ക് ശേഷം ആഴ്‌സണൽ പരിശീലകൻ ആയ മൈക്കിൾ ആർട്ടെറ്റയുടെ ടീമിലെയും സ്ഥിരസാന്നിധ്യം ആയി. തുടർച്ചയായ മികച്ച പ്രകടങ്ങളിലൂടെ ഇതിനകം തന്നെ ആഴ്‌സണൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിട്ടുണ്ട് സാക്ക. എന്നാൽ അതിനിടയിൽ ആഴ്‌സണലുമായി വെറും ഒന്നര വർഷത്തെ കരാർ ബാക്കിയുള്ള സാക്കയെ സ്വന്തമാക്കാൻ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിച്ച് എന്നീ ക്ലബുകൾ രംഗത്ത് എത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സാക്കയെ ഏത് വില കൊടുത്തും ടീമിൽ നിലനിർത്താനുള്ള പരിശ്രമത്തിൽ ആണ് ആഴ്‌സണൽ. നിലവിൽ സ്വപ്നതുല്യം ആയ വലിയ കരാർ ആണ് സാക്കക്ക് മുന്നിൽ ആഴ്‌സണൽ വക്കുന്നത് എന്നാണ് വാർത്തകൾ. ഇതിനകം തന്നെ ആരാധകരുടെ ഇഷ്ടതാരം ആയ സാക്ക ആഴ്‌സണലിൽ തുടരും എന്നു തന്നെയാണ് ആഴ്‌സണൽ ആരാധകരുടെ പ്രതീക്ഷ. വരും വർഷങ്ങളിൽ വലിയ കാര്യങ്ങൾ തന്നെയാണ് സാക്കയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നത്.