ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ആസ്റ്റൺ വില്ല ബ്രൈറ്റൺ പോരാട്ടത്തിൽ ആസ്റ്റൺ വില്ലക്ക് വലിയ വിജയം. വാറ്റ്കിൻസിന്റെ ഹാട്രിക്ക് കണ്ട മത്സരത്തിൽ ബ്രൈറ്റണു മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ ആസ്റ്റൺ വില്ലക്ക് ആയി. വില്ല പാർക്കിൽ അത്ര നല്ല റെക്കോർഡ് ഇല്ലാത്ത ബ്രൈറ്റൺ ഇന്നും ഈ ഗ്രൗണ്ടിൽ അവരുടെ അറ്റാക്കിങ് ഫുട്ബോൾ പുറത്തെടുക്കാൻ പ്രയാസപ്പെട്ടു. 6-1ന്റെ പരാജയമാണ് അവർ ഏറ്റു വാങ്ങിയത്. ആദ്യ 26 മിനുട്ടിൽ തന്നെ ബ്രൈറ്റൺ 3 ഗോളുകൾക്ക് പിറകിൽ ആയി.
14ആം മിനുട്ടിൽ മാറ്റി കാഷിന്റെ പാസിൽ നിന്ന് വാറ്റ്കിൻസ് ആണ് വില്ലയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 21ആം മിനുട്ടിൽ ഡിയബിയുടെ പാസിൽ നിന്ന് വാറ്റ്കിൻസ് ലീഡ് ഇരട്ടിയാക്കി. 26ആം മിനുട്ടിക് എസ്തുപ്നിയന്റെ ഒരു സെൽഫ് ഗോൾ സ്കോർ വില്ലക്ക് അനുകൂലമായി 3-0 എന്നാക്കി.
രണ്ടാം പകുതിയിൽ അൻസു ഫതിയിലൂടെ ഒരു ഗോൾ ബ്രൈറ്റൺ മടക്കി എങ്കിലും അതിനപ്പുറം ബ്രൈറ്റണ് മുന്നേറാൻ ആയില്ല. 65ആം മിനുട്ടിൽ വാറ്റ്കിൻസ് ഹാട്രിക്ക് പൂർത്തിയാക്കി. 85ആം മിനുട്ടിൽ റാംസിയും ഇഞ്ച്വറി ടീമിൽ ഡഗ്ലസ് ലൂയിസുൻ കൂടെ ഗോൾ നേടിയതോടെ ആസ്റ്റൺ വില്ലയുടെ വിജയം പൂർത്തിയായി.