ആഴ്സണലിന് ഹാപ്പി ന്യൂ ഇയർ!! പ്രീമിയർ ലീഗിൽ 7 പോയിന്റിന്റെ ലീഡ്

Newsroom

ആഴ്സണലിനെ തടയാൻ ആരും ഇല്ല എന്ന് തന്നെ പറയാം. ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രൈറ്റണെയും തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് സുരക്ഷിതമായി ഇരിക്കുകയാണ് ആഴ്സണൽ. ഇന്ന് രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അർട്ടേറ്റയുടെ ടീം നേടിയത്.

Picsart 23 01 01 00 59 14 188

മത്സരം ആരംഭിച്ച് 56 സെക്കൻഡുകൾ കൊണ്ട് ആഴ്സണൽ ഇന്ന് വല കുലുക്കി. ആഴ്സണലിന്റെ പ്രസിംഗിന്റെ ഫലമായി പിറന്ന അവസരത്തിൽ നിന്ന് ബുകായോ സാകയാണ് ആഴ്സണലിന് ലീഡ് നൽകിയത്. സാകയുടെ ആഴ്സണൽ കരിയറിലെ മുപ്പതാം ഗോളായിരുന്നു ഇത്. ഈ ഗോൾ മുതൽ ആഴ്സണൽ തന്നെയാണ് കളി നിയന്ത്രിച്ചത്.

39ആം മിനുട്ടിൽ ക്യാപ്റ്റൻ ഒദെഗാർഡിന്റെ ഗോളിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഇതോടെ ആഴ്സണൽ ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഒരു ടാപിന്നിലൂടെ എങ്കിറ്റയും ഗോൾ നേടിയതോടെ ആഴ്സണൽ 3-0ന്റെ ലീഡിലേക്ക് എത്തി.

കളി കൈവിട്ടെന്ന് ബ്രൈറ്റൺ ആരാധകർ കരുതിയ സ്ഥലത്ത് നിന്ന് ബ്രൈറ്റൺ നടത്തിയ പോരാട്ടം കളി ആവേശകരമായ അന്ത്യത്തിലേക്ക് എത്തിച്ചു. ആദ്യം മിറ്റോമയിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി. എന്നാൽ പിറകെ ആഴ്സിന്റെ നാലാം ഗോൾ വന്നു. ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലിയിലൂടെ ആയിരുന്നു നാലാം ഗോൾ. സ്കോർ 4-1.

ബ്രൈറ്റൺ പൊരുതൽ തുടർന്നു.77ആം മിനുട്ടിൽ ഫെർഗൂസനിലൂടെ അവരുടെ രണ്ടാം ഗോൾ വന്നു. സ്കോർ 2-4 എന്നായി. 89ആം മിനുട്ടിൽ മിറ്റോമയിലൂടെ ബ്രൈറ്റന്റെ മൂന്നാം ഗോൾ വന്നത് ആഴ്സണലിന് ആശങ്ക നൽകി. പക്ഷെ വാർ ആ ഗോൾ ഓഫ്സൈഡ് വിധിച്ചത് ആഴ്സണലിന് ആശ്വാസമായി. ഇതോടെ അവരുടെ വിജയവും ഉറപ്പായി.

ആഴ്സ 23 01 01 00 58 58 482

ഈ വിജയത്തോടെ ആഴ്സണൽ 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 7 പോയിന്റ് മുന്നിൽ ആണ് ആഴ്സണൽ. ബ്രൈറ്റൺ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.