രണ്ടാം പകുതിയിൽ നടത്തിയ മികച്ച തിരിച്ചുവരവിന്റെ പിൻബലത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ബൗൺമൗത്ത് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു വെസ്റ്റ് ഹാമിന്റെ ഗ്രൗണ്ടിൽ രണ്ടു ഗോളടിച്ച് ബൗൺമൗത്ത് വിജയം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിന് വേണ്ടി അർണട്ടോവിച്ച് പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ വിൽസണും സ്റ്റീവ് കുക്കുമാണ് ബൗൺമൗത്തിന്റെ ഗോളുകൾ നേടിയത്.
മത്സരം അര മണിക്കൂറായപ്പോൾ പെനാൽറ്റിയിലൂടെയാണ് വെസ്റ്റ് ഹാം മുൻപിലെത്തിയത്. പെനാൽറ്റി ബോക്സിൽ ഹെർണാണ്ടസിനെ അകെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് വെസ്റ്റ് ഹാം ആദ്യം ഗോൾ നേടിയത്. പെനാൽറ്റി എടുത്ത അർണട്ടോവിച്ച് ബൗൺമൗത്ത് ഗോൾ കീപ്പർ ബെഗോവിച്ചിന് ഒരു അവസരവും നൽകാതെ ഗോളാക്കി.
തുടർന്ന് രണ്ടാം പകുതിയിലാണ് വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് കൊണ്ട് ബൗൺമൗത്ത് തിരിച്ചുവരവ് നടത്തിയത്. ഗ്രൗണ്ടിന്റെ മധ്യ നിരയിൽ നിന്ന് പന്തുമായി കുതിച്ച വിൽസൺ വെസ്റ്റ് ഹാം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ സ്റ്റീവ് കുക്കിന്റെ ഗോളിലൂടെ ബൗൺമൗത്ത് മത്സരത്തിൽ ലീഡ് എടുത്തു. തുടർന്ന് സമനില നേടാൻ വെസ്റ്റ് ഹാം ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധ കാത്ത് സൂക്ഷിച്ച ബൗൺമൗത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.