ഏവരെയും ഞെട്ടിച്ച് കൊണ്ട് മുഖ്യ പരിശീലകൻ ഗാരി ഒനീലിനെ പുറത്താക്കി ബോൺമൗത്ത്. സ്‌കോട്ട് പാർക്കർക്ക് പകരക്കാരനായി ഓഗസ്റ്റിൽ എത്തിയ ഒനീലിന് പിന്നീട് ടീം മുഴുവൻ സമയ കരാർ നൽകുകയായിരുന്നു. പരിശീലകന്റെ കഴിഞ്ഞ സീസണിൽ സേവനങ്ങൾക്ക് താൻ നന്ദി അറിയിക്കുന്നതായി ക്ലബ്ബ് ചെയർമാൻ ബിൽ ഫോലെയ് ക്ലബ്ബിന്റെ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇത് വളരെ ദുഷ്കരമായ തീരുമാനം ആണെന്നും എന്നാൽ അടുത്ത സീസൺ കൂടി മുൻകൂട്ടി കണ്ടിട്ടാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പുതുതായി മുൻ റയോ വയ്യക്കാനോ പരിശീലകൻ അൻഡോണി ഇരൗളയെയാണ് ടീം നിയമിച്ചിരിക്കുന്നത്. സ്പാനിഷ് ടീമിനിടൊപ്പം കഴിഞ്ഞ സീസണുകളിൽ അത്ഭുതം തീർത്ത ഇദ്ദേഹം സീസണോടെ ടീം വിട്ടിരുന്നു. നേരത്തെ ലീഡ്സിൽ നിന്നടക്കം ഓഫർ എതിയിരുന്നെങ്കിലും സീസണിനിടയിൽ ആയത് കൊണ്ട് നിരസിച്ച് ഇരൗള മറ്റൊരു ടീമിലൂടെ പ്രീമിയർ ലീഗിലേക്ക് തന്നെ എത്തുകയാണ്. തന്റെ അനുപമമായ അക്രമണ ശൈലികൊണ്ട് റയൽ, ബാഴ്‌സ തുടങ്ങി വമ്പന്മാരെ മുട്ടുകുത്തിക്കാൻ റയോയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ രണ്ടു വർഷത്തെ കരാർ ആണ് ബോൺമൗത്ത് കോച്ചിന് നൽകിയിരിക്കുന്നത്.
നേരത്തെ നവംബറിൽ ഒനീലിന് പതിനെട്ടു മാസത്തെ കരാർ ടീം നൽകുകയായിരുന്നു. അതിന് മുൻപ് സ്കോട് പാർക്കറിന്റെ അസിസ്റ്റന്റ് കോച്ച് ആയി സേവനമനുഷ്ഠിച്ചു. ടീമിനെ നാലോളം മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്രീമിയർ ലീഗിൽ തുടരുമെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ട്രെയിങ് ഫെസിലിറ്റി നവീകരിക്കുന്നതിനും സ്റ്റേഡിയം പുനരുദ്ധാരണത്തിനും അടക്കം വലിയ ദീർഘകാല പദ്ധതി ആണ് തങ്ങൾ ആവിഷ്കരിക്കുന്നത് എന്ന് ബിൽ ഫോലെയ് വെളിപ്പെടുത്തി. ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ തങ്ങൾ ഉന്നമിട്ടു കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. ടീം വിടുന്ന ഗാരി ഒനീലിന് എല്ലാ ആശംസകളും നേർന്ന അദ്ദേഹം സുദീർഘമായ കോച്ചിങ് കരിയർ അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്നു കൂട്ടിച്ചേർത്തു. പുതിയ കോച്ചിനെ ഉടൻ നിയമിക്കുമെന്ന് ക്ലബ്ബ് കുറിപ്പിൽ അറിയിച്ചു. 37 മത്സരങ്ങൾ ആണ് സീസണിൽ ഗാരി ഒനീൽ ടീമിനെ പരിശീലിപ്പിച്ചത്. പത്ത് വിജയവും ആറു സമനിലകളും അദ്ദേഹത്തിന് കീഴിൽ ടീം സ്വന്തമാക്കി. പ്രീമിയർ ലീഗിൽ തുടരാൻ സാധിച്ചതിന് പുറമെ മികച്ച പ്രകടനമാണ് കളത്തിൽ ടീം പുറത്തെടുത്തു കൊണ്ടിരുന്നത്. ഇനി ട്രാൻസ്ഫർ വിൻഡോയിലെ ടീമിന്റെ നീക്കങ്ങൾ പുതിയ കോച്ച് ഇരൗളയുടെ കൂടി ആവശ്യാനുസരണം ആവും.