വാൻ ബിസാക്ക-ഒരൊറ്റ സീസൺ കൊണ്ട് പ്രീമിയർ ലീഗ് കീഴടക്കിയ ഡിഫൻഡർ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓലെയുടെ ഓൾഡ് ട്രാഫോഡ് പരിഷ്കാരങ്ങളിലേക് ആരോൻ വാൻ ബിസാക്ക എന്ന യുവ ബ്രിട്ടീഷ് കളിക്കാരനെത്തുമ്പോൾ അത് വെറുതെ ബെഞ്ചിൽ ഇരികാനല്ല എന്നുറപ്പാണ്. 50 മില്യൺ യൂറോയാണ് റെഡ് ഡെവിൾസ് താരത്തിനായി മുടക്കിയത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള, പ്രീമിയർ ലീഗിൽ കേവലം ഒരു സീസൺ മാത്രം അനുഭവ സമ്പത്തുള്ള ഒരു കളിക്കാരന് 50 മില്യൺ മുടക്കാൻ യുണൈറ്റഡ് തയ്യാറായെങ്കിൽ അത് ഒരൊറ്റ സീസണിൽ ബിസാക്ക കളിച്ച ആസാമാന്യ പ്രകടനങ്ങൾക്ക് ഉള്ള അംഗീകാരമാണ്.

ക്രിസ്റ്റൽ പാലസ് യൂത്ത് ടീമിൽ നിന്ന് ഇറങ്ങിയ ഏറ്റവും കഴിവുള്ള തരമായിട്ടും പാലസിൽ അവസരങ്ങൾ ലഭിക്കാതെ വന്ന താരത്തിന് റോയ് ഹുഡ്‌സനുമായുള്ള സംഭാഷണമാണ് വഴിത്തിരിവായത്. ലോണിൽ ഏതെങ്കിലും ക്ലബ്ബിലേക്ക്‌ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട താരത്തെ പിടിച്ചു നിർത്തിയ പരിശീലകൻ അയാൾക്ക്‌ നൽകിയത് കരിയറിൽ അധികം കളിച്ചു ശീലമില്ലാത്ത റൈറ്റ് ബാക്ക് പൊസിഷൻ. യൂത്ത് കരിയറിൽ ഏറെയും വിങ്ങറായി കളിച്ച താരം പക്ഷെ ലഭിച്ച അവസരം നന്നായി തന്നെ മുതലാക്കി.

കെയിൽ വാൾക്കറൂം, ആസ്പിലിക്വെറ്റയും അടക്കമുള്ള പരിചയസമ്പന്നരായ റൈറ്റ് ബാക്കുകളുള്ള പ്രീമിയർ ലീഗിൽ പക്ഷെ കഴിഞ്ഞ സീസണിൽ മികച്ചു നിന്നത് ലിവർപൂളിന്റെ അലക്‌സാണ്ടർ അർണോൾഡും വാൻ ബിസാക്കയുമായിരുന്നു. പാലസിനെതിരെ കളിച്ച ഇടത് വിങ്ങർമാരിൽ ഏറെ പേരും താരത്തിന്റെ മിടുക്കറിഞ്ഞു. ഡിഫൻസിൽ പുലർത്തുന്ന മികവിന് പുറമെ എതിർ ഗോൾ മുഖത്തേക്ക് മികച്ച ആക്രമണങ്ങൾക്ക് തുടക്കം കുറിക്കാനും തരത്തിനാവും. ഡ്രിബ്ലിങ്ങിൽ അടക്കം ഏത് ഡിഫണ്ടറെയും മറികടക്കാനുള്ള മിടുക്ക് താരത്തെ മികച്ച ഓൾ റൌണ്ട് ഡിഫണ്ടറാക്കി മാറ്റുന്നു.

ഗാരി നേവില്ലും, വലൻസിയയും കാത്ത യുണൈറ്റഡ് റൈറ്റ് ബാക്ക് പൊസിഷനിൽ ഇനി ഏറെ കാലം വാൻ ബിസാക്കയുണ്ടാകും എന്നുറപ്പാണ്. 2018- 2019 സീസണിൽ താരത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് എടുത്താൽ എന്ത് കൊണ്ട് യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ബിസാക്ക മാറി എന്നത് തെളിയും. ഏറ്റവും കൂടുതൽ ഇന്റർസെപ്‌ഷൻ(82), ഏറ്റവും കൂടുതൽ ടാക്കിളുകൾ(124), ഏറ്റവും കൂടുതൽ ടേക് ഓണ് ( 61) എന്നിങ്ങനെ പോകുന്നു താരത്തിന്റെ ആദ്യ സീസണിലെ കണക്കുകൾ. ക്രിസ്റ്റൽ പാലസ് ഫാൻസിന്റെ പ്ലെയർ ഓഫ് ദി സീസൺ, പാലസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകളും കീശയിലാക്കിയാണ് താരം ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. ഏതാനും മികച്ച സെന്റർ ബൈക്കുകൾ കൂടെ ഇനി യുണൈറ്റഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അവരുമായെല്ലാം നല്ലൊരു പങ്കാളിത്തം ഉറപ്പിക്കാൻ തരത്തിനായാൽ യുണൈറ്റഡ് വലത് വിങ്ങിൽ കൂടെ ഗോൾ കണ്ടെത്തുക എന്നത് എതിർ ആക്രമണ നിരക്കാർക്ക് വലിയ ജോലി തന്നെയാകും എന്നുറപ്പാണ്.