മുൻ ലിവർപൂൾ പരിശീലകൻ റാഫേൽ ബെനീറ്റസ് എവർട്ടൺ പരിശീലകനാവും. ബെനീറ്റസിനെ പരിശീലകനായി നിയമിച്ചുകൊണ്ടുള്ള എവർട്ടന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് ബെനീറ്റസ് എവർട്ടൺ പരിശീലകനാവുന്നത്. നേരത്തെ എവർട്ടൺ പരിശീലകനായിരുന്ന കാർലോ അഞ്ചലോട്ടി റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് എവർട്ടൺ പുതിയ പരിശീലകനായി രംഗത്തെത്തിയത്.
എവർട്ടന്റെ ചിരവൈരികളായ ലിവർപൂൾ പരിശീലകനായി പ്രവർത്തിച്ചതുകൊണ്ടുതന്നെ എവർട്ടൺ ആരാധകർക്ക് ബെനീറ്റസിന്റെ നിയമനത്തിൽ അമർഷമുണ്ട്. മേഴ്സിസൈഡിലെ ബെനീറ്റസിന്റെ വീടിന്റെ മുൻപിൽ ബെനീറ്റസിനെ ഭീഷണി പെടുത്തുന്ന താരത്തിലുള്ള ബാനറുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ലിവർപൂളിൽ 6 വർഷം പരിശീലകനായി നിന്നതിന് ശേഷമാണ് 11 വർഷം മുൻപ് ബെനീറ്റസ് ലിവർപൂൾ വിട്ടത്.
ലിവർപൂളിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും ബെനീറ്റസ് നേടിയിട്ടുണ്ട്. ലിവർപൂൾ വിട്ടതിന് ശേഷം ഇന്റർ മിലാൻ, ചെൽസി, നാപോളി, റയൽ മാഡ്രിഡ്, ന്യൂ കാസിൽ തുടങ്ങിയ ടീമുകളെയും ബെനീറ്റസ് പരിശീലിപ്പിച്ചിട്ടുണ്ട്.