ചെൽസി യുവ താരം കാലം ഹഡ്സൻ ഓഡോയിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബയേൺ മ്യൂണിക്കിനെതിരെ രൂക്ഷ വിമർശനവുമായി ചെൽസി പരിശീലകൻ മൗറീസിയോ സാരി. ബയേണിന്റെ പ്രൊഫഷണിസമില്ലായ്മായാണ് ഇതിലൂടെ വ്യക്തമായത് എന്നാണ് സാരി ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞത്. ബയേൺ ചെൽസിയെ ബഹുമാനികുന്നില്ല എന്നും സാരി കൂട്ടി ചേർത്തു.
ചെൽസിയുമായി കരാറിലുള്ള താരമായ ഓഡോയിയെ സ്വന്തമാക്കാൻ ബയേൺ മൂന്ന് തവണ ചെൽസിയെ സമീപിച്ചെങ്കിലും ചെൽസി താരത്തെ വിൽക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായും ഓഡോയി വളരെ മികച്ച കളിക്കാരൻ ആണെന്നും പ്രസ്താവിച്ചു ബയേണിന്റെ സ്പോർട്ടിങ് ഡയറക്ടർ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതാണ് ചെൽസി പരിശീലകനെ ചൊടിപ്പിച്ചത്.
ചെൽസിയുമായി കരാറിലുള്ള ഒരു താരത്തെ കുറിച്ച് ഇത്തരം പ്രസ്താവന നടത്തുന്നത് ബയേണിന്റെ ചെൽസിയോടുള്ള മര്യാദ കുറവാണ് കാണിക്കുന്നത്, ഇത് ഒട്ടും പ്രൊഫഷണൽ ആയ നടപടി അല്ല എന്നാണ് സാരി പറഞ്ഞത്. 35 മില്യൺ യൂറോയോളം ഓഡോയിക്കായി ബയേൺ വാഗ്ദാനം ചെയ്തിട്ടുണ്ട്.