ഈഡൻ ഹസാർഡിന്റെ അഭാവം ചെൽസിയെ ബാധിക്കുന്ന കാര്യമല്ലെന്ന് ചെൽസി മധ്യനിര താരം റോസ് ബാർക്ലി. റയൽ മാഡ്രിഡിലേക് മാറിയ ഹസാർഡിന്റെ അഭാവത്തിൽ ചെൽസിയെ നയിക്കാൻ കെൽപ്പുള്ള താരങ്ങൾ ഏറെയുണ്ടെന്നും ബാർക്ലി കൂട്ടി ചേർത്തു. പ്രീ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ബാർക്ലി.
‘ഹസാർഡിന് പുതിയ വെല്ലുവിളിയുണ്ട്. ഞങ്ങൾക്ക് ഹസാർഡിന്റെ ഗോളുകളും ചാൻസുകളും പകരം കണ്ടെത്തേണ്ടതുണ്ട്, ഞങ്ങൾക്ക് അത്തരം മികച്ച കഴിവുകളുണ്ട്, സാഹചര്യത്തിന് അനുസരിച്ച് എല്ലാവരും മുന്നോട്ട് വരും’എന്നാണ് ഹസാർഡിന്റെ അഭാവത്തിൽ ചെൽസിയുടെ സാധ്യതകളെ കുറിച്ച് ബാർക്ലി പറഞ്ഞത്. ഹഡ്സൻ ഓഡോയി, പുലിസിക്ക് എന്നിവർ മികച്ച ടാലന്റുകൾ ആണെന്നും യുവ സ്‌ട്രൈകർമാർ അടക്കമുള്ളവരിൽ നിന്ന് ധാരാളം പ്രതീക്ഷികമെന്നും മുൻ എവർട്ടൻ താരമായ ബാർക്ലി വ്യക്തമാക്കി.
ചെൽസിയുടെ പ്രീ സീസൺ മത്സരങ്ങളിൽ ഏറെ തിളങ്ങിയ താരമാണ് ഇംഗ്ലണ്ട് ദേശീയ ടീം അംഗമായ ബാർക്ലി. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയാണ് ചെൽസിയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരം.