ജോസെ മൗറീനോയും സംഘവും അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഒരു വിജയം കൂടെ നേടി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് സ്പർസ്. ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട സ്പർസ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഗരെത് ബെയ്ല് സൂപ്പർ സബ്ബായി എത്തിയാണ് സ്പർസിന് വിജയം നൽകിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ഹാരി കെയ്ൻ ആണ് സ്പർസിന് ലീഡ് നൽകിയത്. 13ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി വന്നത്. രണ്ടാം പകുതിയിൽ യുവ ഫുൾബാക്ക് ലാമ്പ്റ്റിയിലൂടെ ബ്രൈറ്റൺ സമനില നേടി. 56ആം മിനുട്ടിൽ ആയിരുന്നു ലാമ്പ്റ്റിയുടെ ഗോൾ. വിജയ ഗോൾ നേടാൻ സ്പർസ് വിഷമിച്ചപ്പോൾ 70ആം മിനുട്ടിൽ മൗറീനോ ബെയ്ലിനെ കളത്തിൽ ഇറക്കി. ബെയ്ല് ഇറങ്ങി മൂന്ന് മിനുറ്റുകൾക്കകം വല കുലുക്കി 3 പോയിന്റ് സ്പർസിന് നൽകി. റെഗുലിയന്റെ ക്രോസിൽ നിന്നായിരുന്നു ബെയ്ലിന്റെ ഗോൾ. ഏഴര വർഷത്തിനു ശേഷമാണ് ബെയ്ല് ഒരു ഗോൾ സ്പർസിനായി നേടുന്നത്. ഈ വിജയത്തോടെ സ്പർസ് ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു