സീസണിൽ മികച്ച ഫോമിലുള്ള ആസ്റ്റൻ വില്ലക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയം. പ്രിമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലൂട്ടണെയാണ് അവർ കീഴടക്കിയത്. മക്ഗിൻ, ദിയാബി എന്നിവർ ജേതാക്കൾക്കായി ഗോൾ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ ലോക്യെറിന്റെ പേരിൽ സെൽഫ് ഗോളായി രേഖപ്പെടുത്തി. ലൂട്ടണിന്റെ ഗോളും എമി മാർട്ടിനസിന്റെ പേരിൽ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമെങ്കിലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഉനയ് എമരിയും സംഘവും. ഫെബ്രുവരിക്ക് ശേഷം ആസ്റ്റൻ വില്ല സ്വന്തം തട്ടകത്തിൽ തോൽവി അറിഞ്ഞിട്ടില്ല.
ആദ്യ മിനിറ്റ് മുതൽ ആസ്റ്റൻ വില്ല ഗോളിനായി ഇരമ്പിയാർത്തു. മക്ഗിനിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.ബോക്സിനുള്ളിൽ നിന്നും വാട്കിൻ എംസിന്റെ പാസിൽ സാനിയോളോക്ക് ലഭിച്ച അവസരം പോസിറ്റിന് ഇഞ്ചുകൾ മാത്രം അകന്ന് കടന്ന് പോയി. വാട്കിൻസിന്റെ ഷോട്ട് തടഞ്ഞു കൊണ്ട് കീപ്പർ കമിൻസ്കി ലൂട്ടന്റെ രക്ഷകനായി. 17ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് എടുത്തു. ഇടത് വിങ്ങിൽ നിന്നും എത്തിയ ഫ്രീക്കിക് സ്വീകരിച്ചു ബോക്സിനുള്ളിലേക്ക് കടന്ന് താരം തൊടുത്ത ഷോട്ട് ആൾകൂട്ടത്തിന് ഇടയിലൂടെ വലയിൽ പതിച്ചു. പിന്നീടും മികച്ച അവസരങ്ങൾ തന്നെ ആദ്യ പകുതിയിൽ ആതിഥേയർക്ക് ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ദിയാബി ലീഡ് ഇരട്ടിയാക്കി. ഡിന്യെയുടെ ക്രോസിൽ തലവെക്കാനുള്ള ബെയ്ലിയുടെ ശ്രമം പിഴച്ചപ്പോൾ തക്കം പാർത്തിരുന്ന ദിയാബി ലക്ഷ്യം കാണുകയായിരുന്നു. 49ആം മിനിറ്റിലാണ് ഗോൾ പിറന്നത്. 62ആം മിനിറ്റിൽ വീണ്ടും ദിയാബിയുടെ മികവിൽ ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ബോക്സിലേക് എത്തിയ പന്ത് കുതിച്ചെത്തി നിയന്ത്രിച്ച താരം ഷോട്ട് ഉതിർത്തപ്പോൾ തടയാൻ എത്തിയ ലോക്യെറുടെ കാലുകളിൽ തട്ടി പന്ത് വലയിലേക്ക് തന്നെ പതിച്ചു. 83ആം മിനിറ്റിൽ ലൂട്ടണ് ആശ്വാസ ഗോൾ നേടാനായി. ബോക്സിലേക് എത്തിയ ക്രോസ് കീപ്പർക്ക് ഹെഡറിലൂടെ കൈമാറാനുള്ള കൊൻസയുടെ ശ്രമം പിഴച്ചപ്പോൾ പോസ്റ്റിലിടിച്ച പന്ത് മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചു. പിറകെ മറ്റൊരു ഹെഡർ അവസരത്തിലൂടെ ലൂട്ടണ് മറ്റൊരു ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വിറച്ചെങ്കിലും ആസ്റ്റൻ വില്ല കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു.