ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ആസ്റ്റൻവില്ലക്ക് വിജയം. സ്പർസിനെ സകലമേഖലകളിലും പിന്തള്ളി കൊണ്ട് മികച്ച പ്രകടനത്തോടെയാണ് ഉനയ് ഉമരിയുടെ ടീം വീണ്ടും വിജയപാതയിൽ തിരിച്ചെത്തിയത്. ഡഗ്ലസ് ലൂയിസ്, റാംസെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ ടോട്ടനത്തിന്റെ ആശ്വാസ ഗോൾ ഹാരി കെയ്ൻ നേടി. ഇതോടെ പോയിന്റ് നിലയിൽ ടോട്ടനത്തിന് ഒപ്പമെത്താനും ആസ്റ്റൻ വില്ലക്കായി. 57 പോയിന്റ് വീതമുള്ള ഇരുവരും ആറും ഏഴും സ്ഥാനത്താണ്.
ഇരു ടീമുകൾക്കും മുന്തൂക്കമില്ലാതെ ആരംഭിച്ച ആദ്യ മിനിട്ടുകൾക്ക് ശേഷം ആസ്റ്റൻ വില്ല മത്സരത്തിൽ ലീഡ് എടുത്തു. ബെയ്ലെയുമായി ചേർന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ ജെക്കോബ് റാംസെ യാണ് എട്ടാം മിനിറ്റിൽ വല കുലുക്കിയത്. പിന്നെ കെയിനിന്റെ പാസിൽ സോണിന് ലഭിച്ച അവസരത്തിൽ താരത്തിന് ഗോൾ നേടാനാവാതെ പോയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു. ബെയിലിയുടെ ശ്രമം ഫോസ്റ്റർ തടുത്തു. വാട്കിനസിനെ എമേഴ്‌സൻ വീഴ്ത്തിയതിന് വാർ ചെക്കിൽ പെനാൽറ്റി വിധിച്ചില്ല. മോറെനോയുടെ ക്രോസിൽ വാട്കിൻസിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ബ്വെന്റിയയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. ആദ്യ പകുതിയിൽ ടോട്ടനം കൂടുതൽ ഗോളുകൾ വഴങ്ങാതെ രക്ഷപ്പെട്ടു.
രണ്ടാം പകുതിയിലും ആസ്റ്റൻവില്ല തന്നെ തുടക്കത്തിൽ അവസരങ്ങൾ സൃഷ്ടിച്ചു. 53ആം മിനിറ്റിൽ ഹൊയ്‌ബെർഗിന്റെ പാസിൽ നിന്നും ഗോൾ നേടാനുള്ള കെയിനിന്റെ ശ്രമം മർട്ടിനസ് തടുത്തു. കുലുസെവ്സ്കിയുടെ ശ്രമം പോസ്റ്റിൽ നിന്നും അകന്ന് പോയി. 72 ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് രണ്ടാക്കി ഉയർത്തി. ഡഗ്ലസ് ലൂയിസിന്റെ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഫോസ്റ്ററുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. 90ആം മിനിറ്റിൽ റഫറി വിഡിയോ ചെക്കിന് ശേഷം അനുവദിച്ച പെനാൽറ്റിയിലൂടെ കെയിൻ ടോട്ടനത്തിന്റെ ആശ്വാസ ഗോൾ നേടി. മർട്ടിനസ് കെയിനിനെ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. ഇഞ്ചുറി ടൈമിൽ കുലുസെവ്സ്കിയിലൂടെ ലഭിച്ച അവസരവും ഗോളാകാതെ പോയതോടെ ആസ്റ്റൻവില്ല വിജയം സ്വന്തമാക്കി.