പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ നിരാശ. ഇന്ന് വില്ല പാർക്കിൽ അവർ ആസ്റ്റൺ വില്ലക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ അഞ്ചാം മത്സരമാണിത്.

ഇന്ന് വില്ലപാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെട്ട ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. എന്നാൽ ആദ്യ പകുതിയിൽ വില്ല ഡിഫൻസിനെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. റാഷ്ഫോർഡിന്റെയും ഗർനാചോയുടെയും ശ്രമങ്ങൾ അനായാസം എമി മാർട്ടിനസ് തടഞ്ഞു. ആദ്യ പകുതിയുടെ അവസാനം മഗ്വയറിനെയും മസ്റോയിയെയും യുണൈറ്റഡിന് പരിക്ക് കാരണം നഷ്ടമായി.
രണ്ടാം പകുതിയിൽ റാഷ്ഫോർഡിന്റെ മറ്റൊരു ഷോട്ട് കൂടെ എമി മനോഹരമായി തടഞ്ഞു. ബ്രൂണോയുടെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയും മടങ്ങി. വില്ല പതിവിൽ നിന്ന് വിപരീതമായി അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നത് കാണാൻ ആയി.
92ആം മിനുട്ടിൽ ആസ്റ്റൺ വില്ലയുടെ ഗോളെന്ന് ഉറച്ച അവസരം ഡാലോട്ട് മികച്ച ബ്ലോക്കിലൂടെ തടഞ്ഞു. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി 14ആം സ്ഥാനത്താണ്. ആസ്റ്റൺ വില്ല 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.