ആഴ്‌സണലിൽ ഫ്രഞ്ച് താരം വില്യം സാലിബക്ക് ഭാവിയിൽ അവസരം ലഭിക്കും എന്ന സൂചന നൽകി പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. 5 വർഷത്തേക്ക് ആഴ്‌സണലുമായി കരാറുള്ള സാലിബയെ കഴിഞ്ഞ 2 വർഷമായി ആഴ്‌സണൽ വായ്പയിൽ അയച്ചിരിക്കുക ആയിരുന്നു. ഈ സീസണിൽ മാഴ്സെയിൽ അതുഗ്രൻ ഫോമിലുള്ള സാലിബയെ തിരിച്ചു വിളിക്കണം എന്ന ആവശ്യം ആരാധകരിൽ നിന്നു ഉണ്ടായിരുന്നു. താരത്തെ ആഴ്‌സണൽ നിരീക്ഷിക്കുന്നത് ആയി വ്യക്തമാക്കിയ ആർട്ടെറ്റ താരത്തിൽ തൃപ്തിയും രേഖപ്പെടുത്തി.
പി.എസ്.ജിക്ക് എതിരായ സാലിബയുടെ മത്സരം കാണാൻ ആഴ്‌സണൽ ടെക്നിക്കൽ ഡയറക്ടർ എഡു പോയിരുന്നു എന്നു വ്യക്തമാക്കിയ ആർട്ടെറ്റ, ക്ലബ് താരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആയും പറഞ്ഞു. നിലവിൽ ഗബ്രിയേൽ, വൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ മികച്ച പ്രതിരോധം ആണ് ആഴ്‌സണലിന് ഉള്ളത്. അതിനാൽ തന്നെ സാലിബയുടെ ആഴ്‌സണൽ മടങ്ങിവരവ് മറ്റ് താരങ്ങളെ ആശ്രയിച്ചു ആവും ഉണ്ടാവുക. സാലിബ ഭാവിയിലെ വലിയ താരം ആവും എന്നാണ് മാഴ്സെയുടെ അർജന്റീന പരിശീലകൻ ജോർജെ സാമ്പോളി പറഞ്ഞത്. നേരത്തെ ആഴ്‌സണൽ എന്തിനാണ് സാലിബയെ വായ്പ അടിസ്‌ഥാനത്തിൽ അയച്ചത് എന്നു മനസ്സിലായിട്ടില്ല എന്നു മാഴ്സെ നായകൻ ദിമിത്രി പയറ്റും പറഞ്ഞിരുന്നു.