മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഉപദേശം ഇപ്പോഴും തേടാറുണ്ടെന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റ. 2016 മുതൽ കഴിഞ്ഞ ഡിസംബറിൽ ആഴ്‌സണൽ പരിശീലകൻ സ്ഥാനം ഏറ്റെടുക്കുന്നത് വരെ മാഞ്ചസ്റ്റർ സിറ്റിയിൽ ഗ്വാർഡിയോളയുടെ കൂടെ സഹ പരിശീലകനായിരുന്നു അർടെറ്റ.
കഴിഞ്ഞ ആഴ്ചകളിൽ താൻ ഗ്വാർഡിയോളയുമായി സംസാരിച്ചിരുന്നെന്നും എഫ്.എ കപ്പ് സെമി ഫൈനലിൽ അവരെ നേരിടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും അർടെറ്റ പറഞ്ഞു. നേരത്തെ പ്രീമിയർ ലീഗിൽ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 3-0ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.
തനിക്ക് ഫുട്ബോൾ കരിയറിൽ ഒരുപാട് ബഹുമാനമുള്ള വ്യക്തിയാണ് ഗ്വാർഡിയോളയെന്നും തനിക്ക് ഏതെങ്കിലും ഒരു അവസരത്തിൽ പിന്തുണയോ സഹായമോ വേണ്ട സമയത്ത് തന്നെ സഹായിക്കാനായി ഗ്വാർഡിയോള ഇപ്പോഴും ഉണ്ടാവാറുണ്ടെന്നും അർടെറ്റ പറഞ്ഞു.













