ആഴ്‌സണൽ പരിശീലകൻ ആയി 150 മത്സരങ്ങൾ പൂർത്തിയാക്കി മൈക്കിൾ ആർട്ടെറ്റ. ഇന്ന് ചെൽസിക്ക് എതിരെ അവരുടെ മൈതാനത്തിൽ ജയവും ആയി ആർട്ടെറ്റ തന്റെ ദിവസം ആഘോഷിച്ചത്. തന്നെ സംശയിച്ച എല്ലാവർക്കും മറുപടി കളത്തിൽ നൽകുന്ന മുൻ ആഴ്‌സണൽ ക്യാപ്റ്റൻ 150 മത്സരങ്ങളിൽ നിന്നു 87 ജയങ്ങൾ ആണ് ടീമിന് നേടി നൽകിയത്. ആഴ്‌സണൽ ചരിത്രത്തിൽ സാക്ഷാൽ ആഴ്‌സൻ വെങർ അടക്കം ഏത് പരിശീലകൻ നേടിയതിലും അധികം ജയങ്ങൾ ആർട്ടെറ്റ 150 മത്സരങ്ങളിൽ നിന്നു നേടി.
ആഴ്‌സണലിൽ 2016 ൽ തന്റെ കളിക്കാരൻ എന്ന നിലയിലുള്ള കരിയർ അവസാനിപ്പിച്ചു മാഞ്ചസ്റ്റർ സിറ്റിയിൽ ഗാർഡിയോളക്ക് കീഴിയിൽ സഹ പരിശീലകൻ ആയി ചേർന്ന ആർട്ടെറ്റ സീസൺ പകുതിയിൽ 2019 ൽ ആണ് ആഴ്‌സണൽ പരിശീലകൻ ആവുന്നത്. തുടർന്ന് ആ വർഷം എഫ്.എ കപ്പ് നേടിയെങ്കിലും തുടർന്ന് പലപ്പോഴും മികച്ച റിസൾട്ട് ഉണ്ടാക്കാൻ ബുദ്ധിമുട്ടിയ ആർട്ടെറ്റ ആരാധകരിൽ നിന്നടക്കം വലിയ വിമർശനം ആണ് നേരിട്ടത്. എന്നാൽ പതുക്കെ വിമർശകരെ വരെ തന്റെ ആരാധകർ ആക്കി മാറ്റിയ ആർട്ടെറ്റ നിലവിൽ 13 മത്സരങ്ങൾക്ക് ശേഷം 34 പോയിന്റുകളുമായി ആഴ്‌സണലിന് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം ആണ് നൽകിയത്. നിലവിൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുകളിൽ ഒന്നാമതുള്ള ആർട്ടെറ്റയുടെ ആഴ്‌സണൽ സീസൺ എങ്ങനെ അവസാനിപ്പിക്കും എന്ന സന്ദേഹത്തിൽ ആണ് ഫുട്‌ബോൾ ആരാധകർ.