യൂറോപ്പ ലീഗിലെ വിഷമം പ്രീമിയർ ലീഗിലെ വിജയത്തോടെ തീർത്ത് ആഴ്സണൽ. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെസ്റ്റ് ബ്രോമിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. യൂറോപ്പ ലീഗ് സെമിയിൽ നിന്ന് പുറത്തായ ആഴ്സണൽ ഇന്ന് മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. 29ആം മിനുട്ടിൽ യുവതാരം എമിലെ സ്മിത് റോയിലൂടെ ആണ് ആഴ്സണൽ ലീഡ് എടുത്തത്.
35ആം മിനുട്ടിൽ പെപെ ആഴ്സണലിനായി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ പെരേരയിലൂടെ വെസ്റ്റ് ബ്രോം ഒരു ഗോൾ മടക്കിയപ്പോൾ ആഴ്സണലിന് ആശങ്ക ഉയർന്നു എങ്കിലും മൂന്നാം ഗോൾ ആഴ്സണലിന് മൂന്ന് പോയിന്റ് നൽകി. 90ആം മിനുട്ടിൽ വില്യനാണ് ആഴ്സണലിന്റെ മൂന്നാം ഗോൾ നേടി. 35 മത്സരങ്ങളിൽ 52 പോയിന്റുമായി ആഴ്സണൽ ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. ഈ പരാജയത്തോടെ വെസ്റ്റ് ബ്രോമിന്റെ റിലഗേഷൻ ഉറപ്പായി.













