ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരു ട്വിസ്റ്റ് കൂടെ. ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ ഒരിക്കൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ ഒരു ഘട്ടത്തിൽ 2-0ന് മുന്നിൽ ആയിരുന്നു, ആ ലീഡ് തുലച്ച ആഴ്സണൽ 2-2ന്റെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ആഴ്സണലിന് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ പത്തു മിനുട്ടിൽ തന്നെ അവർ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടു ഒന്നിനൊന്ന് മെച്ചമായിരുന്ന ടീം ഗോളായിരുന്നു. ആദ്യം ഏഴാം മിനുട്ടിൽ വെസ്റ്റ് ഹാമിനെ വട്ടം കറക്കിയ പാസിംഗിന് ഒടുവിൽ വന്ന ഗബ്രിയേൽ ജീസുസിന്റെ ഫിനിഷ്. അതു കഴിഞ്ഞു മൂന്ന് മിനുട്ടുകൾക്ക് ശേഷം ഒഡെഗാർഡിന്റെ അനായാസമായ ഒരു ഫിനിഷും. സ്കോർ 2-0.
വെസ്റ്റ് ഹാം ആ ഞെട്ടലിൽ നിന്ന് കരകയറാൻ സമയം എടുത്തു. 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വെസ്റ്റ് ഹാമിന് കളിയിലേക്ക് തിരികെ വരാൻ ആയി. ബെൻറാമ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ. ആദ്യ പകുതിയിൽ വെസ്റ്റ് ഹാം 2-1ന് പിറകിൽ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ആഴ്സണലിനും ഒരു പെനാൾട്ടി കിട്ടി. പക്ഷെ സാക എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല.
ഇത് വെസ്റ്റ് ഹാമിന് ഊർജ്ജം നൽകി. 55ആം മിനുട്ടിൽ ജെറാദ് ബോവന്റെ ഒരു അപ്രതീക്ഷിത ഫിനിഷ് വെസ്റ്റ് ഹാമിനെ സമനിലയിലേക്ക് എത്തിച്ചു. സ്കോർ 2-2. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോടും ആഴ്സണൽ 2 ഗോൾ ലീഡ് ഇതുപോലെ കളഞ്ഞിരുന്നു.
സ്കോർ 2-2 ആയതിനു ശേഷം വെസ്റ്റ് ഹാം നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. അന്റോണിയോയുടെ ഒരു ഹെഡർ പോസ്റ്റിക് തട്ടി മടങ്ങി.
ഈ സമനിലയോടെ ആഴ്സണൽ 74 പോയിന്റുനായി ലീഗിൽ ഒന്നാമത് തുടരുന്നു. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 70 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത ലീഗ് മത്സരം ആഴ്സണലിന് എതിരെയാണ്.