ലണ്ടൻ ചുവപ്പോ നീലയോ?ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ ആഴ്‌സണൽ,ആർട്ടെറ്റയെ പാഠം പഠിപ്പിക്കാൻ ഒബമയാങ്

Wasim Akram

Picsart 22 10 30 21 18 08 301
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറും ലണ്ടൻ ഡാർബി. ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും തിരികെ പിടിക്കാൻ ആഴ്‌സണൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്ന് ഇറങ്ങുമ്പോൾ അവരെ തടയുക ആവും ഏഴാം സ്ഥാനത്തുള്ള ചെൽസിയുടെ ലക്ഷ്യം. നിലവിൽ പത്ത് പോയിന്റ് പിറകിൽ ആണെങ്കിൽ സ്വന്തം മൈതാനത്ത് ആണ് മത്സരം എന്നത് ചെൽസിക്ക് നിർണായകമാണ്. എന്നാൽ സമീപകാലത്ത് ചെൽസിക്ക് എതിരെയും ചെൽസിയുടെ സ്വന്തം മൈതാനത്തും ആഴ്‌സണലിന് നല്ല റെക്കോർഡ് ആണ് ഉള്ളത്. കഴിഞ്ഞ 9 മത്സരങ്ങളിൽ സ്വന്തം മൈതാനത്ത് പരാജയം അറിയാത്ത ചെൽസി അവസാനം സ്വന്തം മൈതാനത്ത് പരാജയപ്പെട്ടത് ആഴ്‌സണലിനോട് ആയിരുന്നു.

കഴിഞ്ഞ 8 മത്സരങ്ങളിൽ ഗോൾ കണ്ടത്താൻ സാധിക്കാത്ത ഗബ്രിയേൽ ജീസുസ് തന്നെയാവും ആഴ്‌സണൽ മുന്നേറ്റം നയിക്കുക. ഗോൾ കണ്ടത്താൻ ആയില്ലെങ്കിലും ടീമിനെ നന്നായി സഹായിക്കുന്ന ജീസുസ് കഴിഞ്ഞ മത്സരത്തിലും 2 ഗോളിന് വഴി ഒരുക്കിയിരുന്നു. അതിനാൽ തന്നെ ചെൽസിക്ക് എതിരെ ജീസുസ് ഗോൾ വരൾച്ച അവസാനിപ്പിക്കും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. ജീസുസിന് പിറകിൽ പരിക്കിൽ നിന്നു മുക്തനായ ചെൽസിക്ക് എതിരെ എന്നും തിളങ്ങുന്ന ബുകയോ സാക, യൂറോപ്പ ലീഗ് മത്സരത്തിൽ പൂർണ വിശ്രമം ലഭിച്ച ഗബ്രിയേൽ മാർട്ടിനെല്ലി, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ആവും അണിനിരക്കുക. മധ്യനിര ഭരിക്കുന്ന തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക സഖ്യം ആഴ്‌സണലിന്റെ മികവിന് വളരെ പ്രധാനം ആണ്.

ആഴ്‌സണൽ

പ്രതിരോധത്തിൽ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ എന്നിവർ നിൽക്കുമ്പോൾ റൈറ്റ് ബാക്ക് ആയി ബെൻ വൈറ്റ് ആവും ഇറങ്ങുക. പരിക്കിൽ നിന്നു മുക്തനായ സിഞ്ചെങ്കോ ലെഫ്റ്റ് ബാക്ക് ആയി ടീമിൽ ഇടം പിടിച്ചാൽ അത് ആഴ്‌സണലിന് വലിയ കരുത്ത് ആവും നൽകുക. ഇല്ലെങ്കിൽ ടോമിയാസുവിനു പരിക്കേറ്റതിനാൽ ടിയേർണി ആവും ലെഫ്റ്റ് ബാക്ക് ആയി ഇറങ്ങുക. പകരക്കാരായി ഫാബിയോ വിയേര,എഡി എങ്കിതിയ എന്നിവർക്ക് ഒപ്പം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ റീസ് നെൽസൺ എന്നിവർ ആർട്ടെറ്റക്ക് സഹായകമാണ്. മറുപുറത്ത് ബ്രൈറ്റണിനോട് ഏറ്റ കനത്ത പരാജയം ചാമ്പ്യൻസ് ലീഗ് ജയത്തോടെ മായിച്ചു കളഞ്ഞാണ് ഗ്രഹാം പോട്ടറിന്റെ ചെൽസി എത്തുക.

എന്നാൽ പ്രമുഖ താരങ്ങളുടെ പരിക്ക് ആണ് അവരുടെ വലിയ പ്രശ്നം. ഹാവർട്ട്സ്, മൗണ്ട്, ഗാലഗർ, സ്റ്റെർലിങ്, പുലിസിച് എന്നിവർ അടങ്ങുന്ന മുന്നേറ്റം ആഴ്‌സണലിന് തലവേദന സൃഷ്ടിക്കും. ഒപ്പം മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഒബമയാങും ആഴ്‌സണൽ പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ കോവചിച്ചിന് കൂടി പരിക്കേറ്റതിനാൽ ജോർജീനിയോ, ലോഫ്റ്റസ് ചീക് എന്നിവർ ആവും ഇറങ്ങുക. പരിക്ക് കാരണം വലിയ പ്രശ്നം നേരിടുന്ന പ്രതിരോധത്തിൽ പരിചയ സമ്പന്നനായ തിയോഗ സിൽവക്ക് ഒപ്പം കുകറെല, ചാലോബ എന്നിവർ ആവും അണിനിരക്കുക. കെപക്ക് പരിക്കേറ്റതിനാൽ മെന്റി ആവും ഗോളിന് മുന്നിൽ.

ആഴ്‌സണൽ

ആഴ്‌സണലിൽ നിന്നു ബാഴ്‌സലോണ വഴി ചെൽസിയിൽ എത്തിയ ഒബമയാങ് കളിക്കുന്നത് മത്സരത്തിന് ആർട്ടെറ്റ, ഒബമയാങ് പോര് എന്ന മറ്റൊരു തലം കൂടി നൽകുന്നുണ്ട്. അച്ചടക്കലംഘനം കാരണം ഒബമയാങിനെ ടീമിൽ നിന്നു പുറം തള്ളിയ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ മുമ്പ് പലപ്പോഴും ഒബമയാങ് തുറന്നു പറഞ്ഞത് കൂടിയാണ്. അതിനാൽ തന്നെ ആർട്ടെറ്റക്ക് മുന്നിൽ തന്റെ മൂല്യം തെളിയിക്കേണ്ട വാശിയിൽ ആവും ഒബമയാങ് വരിക. എന്നാൽ ഒബമയാങിനെ അല്ല ചെൽസിയെ ആണ് തങ്ങൾ നേരിടുക എന്നു പറഞ്ഞ ആർട്ടെറ്റ ഇത്തരം ചർച്ചകൾ നേരത്തെ തള്ളിയിരുന്നു. ഏതായാലും തന്റെ മുൻ ക്ലബിന് എതിരെ ഒരിക്കൽ ആഴ്‌സണൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ഒബമയാങ് തിളങ്ങുമോ എന്നു കണ്ടു തന്നെ അറിയാം.