ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് ഫോർ യുദ്ധത്തിൽ വീണ്ടും ആഴ്സണലിന് തിരിച്ചടി. അവസാന ലീഗ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസിനോടും വോൾവ്സിനോടും ലെസ്റ്ററിനോടും തോറ്റ ആഴ്സണൽ ഇന്ന് പതറിയത് ബ്രൈറ്റന്റെ മുന്നിൽ ആയിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റണോട് ആഴ്സണൽ സമനില വഴങ്ങിയതോടെ ടോപ്പ് 4ൽ ആഴ്സണൽ എത്തില്ല എന്ന് ഏകദേശം ഉറപ്പായി. ഇന്ന് മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.
ഒന്നാം പകുതിയിൽ ഒബാമയങ് ഒരു പെനാൽറ്റിയിലൂടെ ആഴ്സണലിനെ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ വേറൊരു പെനാൽറ്റി ആഴ്സണലിന് വിനയായി. 61ആം മിനുട്ടിൽ ഗ്ലെൻ മുറേ ആണ് ബ്രൈറ്റണ് വേണ്ടി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.
സമനിലയോടെ 36 മത്സരങ്ങളിൽ 67 പോയന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് ആഴ്സണൽ. ഇനി അവശേഷിക്കുന്ന മത്സരം ജയിച്ചാലും 70 പോയന്റുമായി നാലാമതുള്ള ടോട്ടൻഹാമിനൊപ്പമേ ആഴ്സണലിന് എത്താൻ കഴിയുള്ളൂ. ടോട്ടൻഹാമിന്റെ ഗോൾ ഡിഫറൻസ് വളരെ കൂടുതൽ ആയതിനാൽ ടോട്ടൻഹാം അവസാന മത്സരം തോറ്റാൽ വരെ ആഴ്സണൽ അവരെ മറികടക്കാൻ സാധ്യതയില്ല. ആഴ്സണൽ വിജയിക്കാതിരുന്നതോടെ 71 പോയന്റുള്ള ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു.
ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ ആഴ്സണലിന് ഇത്തവണത്തെ യൂറോപ്പ ലീഗ് കിരീടം നേടണം. ഇപ്പോൾ യൂറോപ്പ് സെമിയിൽ എത്തി നിൽക്കുകയാണ് ആഴ്സണൽ.