ഐവറി കോസ്റ്റ് വിങറും മുന്നേറ്റനിര താരവും ആയ നിക്കോളാസ് പെപെയെ ആഴ്‌സണൽ ടീമിൽ നിലനിർത്താൻ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ആഴ്‌സണൽ റെക്കോർഡ് ട്രാൻസ്‌ഫർ തുകക്ക് ആണ് താരം ആഴ്‌സണലിൽ എത്തുന്നത്. ക്ലബിൽ തന്റെ പൂർണ മികവിലേക്ക് ഉയരാൻ ആവാത്ത താരത്തെ കഴിഞ്ഞ സീസണിൽ ആഴ്‌സണൽ ലോണിൽ ഫ്രഞ്ച് ക്ലബ് ആയ നീസിലേക്ക് അയച്ചിരുന്നു. അതിനു ശേഷം മടങ്ങിയെത്തിയ താരത്തെ ആഴ്‌സണൽ വിൽക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ക്ലബ് വിടാനുള്ള പെപെയുടെ ശ്രമങ്ങൾ വിജയിച്ചില്ല തുടർന്ന് നിലവിൽ താരം ആഴ്‌സണലിൽ പരിശീലനത്തിന് ആയി മടങ്ങിയെത്തി. നിലവിൽ താരവും ആയി മിഖേൽ ആർട്ടെറ്റ ചർച്ചകൾ നടത്തിയ ശേഷം താരത്തെ ടീമിൽ നിലനിർത്തിയേക്കും എന്നാണ് സൂചന. ക്ലബിൽ നന്നായി പൊരുതിയാലും എല്ലാം നൽകിയാലും ബുകയോ സാകയുടെ ബാക്ക് അപ്പ് ആയി താരത്തെ ക്ലബ് നിലനിർത്താൻ ആണ് സാധ്യത എന്നാണ് റിപ്പോർട്ട്. ആഴ്‌സണലിന് ആയി മൊത്തം 112 കളികളിൽ നിന്നു 27 ഗോളുകൾ നേടിയ താരം 2020 ൽ ക്ലബിന് എഫ്.എ കപ്പ് നേടി കൊടുക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിരുന്നു. ഐവറി കോസ്റ്റിന് ആയി 37 കളികളിൽ നിന്നു 10 ഗോളുകളും താരം നേടിയിട്ടുണ്ട്.